നിയമപരമായി നേരിടും; ഏകീകൃത സിവില്‍ കോഡ് തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ലെന്ന് ലീഗ്
ഏകീകൃത സിവില്‍ കോഡ് തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. നിയമപരമായി നേരിടേണ്ട വിഷയമായതിനാല്‍ ബോധവത്ക്കരണം വേണമെന്നും ജാതിമതഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിക്കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് ശേഷമാണ് ലീഗ് നേതാക്കളുടെ പ്രതികരണം.
ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന്റെ തന്നെ പ്രശ്‌നമാണ്. വിവിധ വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ്. പ്രതിഷേധങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളെ പങ്കെടുപ്പിക്കും. വിഷയം മുതലെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കെണിയില്‍ വീഴരുതെന്നാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശം. സിപിഐഎം ക്ഷണിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് ആ വിഷയം ചര്‍ച്ച ചെയ്തില്ലെന്നും ലീഗ് നേതാക്കള്‍ മറുപടി നല്‍കി.
എപി സമസ്ത, ഇ കെ സമസ്ത, കെഎന്‍എം വിസ്ഡം, എംഇഎസ്, തബ്ലീഗ്, ദക്ഷിണ കേരള മുസ്ലിം ജമാഅത്ത് എന്നിങ്ങനെ 11 സംഘടന പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. ഏകീകൃത സിവില്‍ കോഡ് മുസ്ലിംകളുടെ മാത്രമല്ല, ഗോത്രവര്‍ഗക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ബാധിക്കുന്ന കാര്യമാണെന്നും ഒരുമിച്ചുള്ള നീക്കമാണ് ഉണ്ടാകേണ്ടത് എന്നുമായിരുന്നു മുസ്ലിംലീഗ് നേതാവ് ഡോക്ടര്‍ എം കെ മുനീറിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.
സിവില്‍ കോഡിനെതിരെ പോരാടാന്‍ മതേതര കക്ഷികളുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കിയപ്പോള്‍ സിപിഐഎമ്മിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന ആരോപണത്തിലാണ് കോണ്‍ഗ്രസ്. സിപിഐഎമ്മിനുണ്ടായ മാറ്റത്തെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സ്വാഗതം പൂര്‍ണ മനസ്സോടെ സ്വാഗതം ചെയ്യുകയും ചെയ്തു. ശരീഅത്ത് വിഷയത്തിലും ഷാ ബാനു കേസിലും എടുത്ത നിലപാടല്ല സിപിഐഎമ്മിന് ഇപ്പോള്‍ എന്ന് രാഷ്ട്രീയ ചരിത്രം ഓര്‍മിപ്പിക്കുക കൂടിയാണ് പിഎംഎ സലാം.