സിപിഐഎം സെമിനാറില്‍ ലീഗ് പങ്കെടുക്കണം; മതസംഘടനകളുടെ മാത്രം പ്രശ്‌നമല്ല ഏകീകൃത സിവില്‍ കോഡെന്ന് കാന്തപുരം
സിപിഐഎം സെമിനാറില്‍ മുസ്ലിം ലീഗ് പങ്കെടുക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ . രാജ്യത്തിന്റെ അഖണ്ഡതയുടെ വിഷയമാണ്. എല്ലാവരും ഒന്നിച്ചുനില്‍ക്കണം. ഏക സിവില്‍ കോഡ് രാജ്യത്തിനെ ഭിന്നിപ്പിക്കും രാജ്യ പുരോഗതിക്ക് എതിരാണ്. ഏകീകൃത സിവില്‍ കോഡ് നടപ്പിലായാല്‍ നാനത്വത്തില്‍ ഏകത്വം ഇല്ലാതാകുമെന്നും സ്ഥിതി ആശങ്ക ജനകമാണെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് വന്നാല്‍ രാജ്യത്തിന്റെ പുരോഗതിയുണ്ടാകില്ല. മുസ്ലിം സമുദായത്തിന്റെ പ്രത്യേക താത്പര്യമല്ല ഇതിനെതിര് നില്‍ക്കുന്നത്. ഇന്ത്യയിലെ മുഴുവന്‍ പാര്‍ട്ടികളും ഇക്കാര്യത്തില്‍ യോജിക്കണം. സമസ്തയുടെയോ മറ്റ് മതസംഘടനകളുടെയോ പ്രശ്‌നമല്ലെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന് അതൃപ്തിയുണ്ടാക്കാതെ തീരുമാനമെടുക്കുക എന്നതാണ് ലീഗ് നേരിടുന്ന വെല്ലുവിളി. സെമിനാറിലേക്ക് ക്ഷണം ലഭിച്ച ഘട്ടത്തില്‍ തന്നെ നിരസിക്കണമായിരുന്നുവെന്നാണ് കോണ്‍ഗ്രസിനൊപ്പം ഒരു വിഭാഗം മുസ്ലീം ലീഗ് നേതാക്കളുടെയും അഭിപ്രായം. നേരത്തെ സിപിഐഎംസെമിനാറില്‍ പങ്കെടുക്കാന്‍ സമസ്ത തീരുമാനിച്ചതോടെ മുസ്ലിം ലീഗ് സമ്മര്‍ദ്ദത്തിലായിരുന്നു.
ഏക വ്യക്തിനിയമം ഏതെങ്കിലും മതത്തെ മാത്രം ബാധിക്കുന്നതല്ലെന്ന കോണ്‍ഗ്രസിന്റെ നിലപാടു തന്നെയാണ് ഇന്നലെ ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ.സലാം ആവര്‍ത്തിച്ചത്. സമാനചിന്താഗതിക്കാരായ മുഴുവന്‍ പേരെയും പ്രതിഷേധത്തില്‍ അണിനിരത്തണമെന്ന ലീഗിന്റെ ചിന്ത കോണ്‍ഗ്രസിന്റെ നിലപാടുമായി ഒത്തുപോകുന്നതുമാണ്. അതേസമയം സിപിഐഎമ്മിന്റെ നീക്കം ദുരുദ്ദേശ്യപരമാണെന്ന് ഇ.ടി മുഹമ്മദ് ബഷീറും ലീഗിനോട് തൊട്ടുകൂടായ്മയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞിരുന്നു.