ഏകീകൃത സിവില്‍ കോഡില്‍ സിപിഐഎമ്മിന് ലീഗിന്റെ പച്ചക്കൊടി, ചരിത്രമോര്‍പ്പിച്ച് പിഎംഎ സലാം; കോണ്‍ഗ്രസിന് രാഷ്ട്രീയ മുന്നറിയിപ്പ്
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്രസര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡുമായി മുന്നോട്ടുപോകുമ്പോള്‍ സിവില്‍ കോഡില്‍ ഐക്യമില്ലാതെ കേരളരാഷ്ട്രീയം. മതേതര കക്ഷികളുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കിയപ്പോള്‍ സിപിഐഎമ്മിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന ആരോപണത്തിലാണ് കോണ്‍ഗ്രസ്. സിപിഐഎമ്മിനുണ്ടായ മാറ്റത്തെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സ്വാഗതം ചെയ്യുകയാണ്, അതും പൂര്‍ണ മനസ്സോടെ. ശരീഅത്ത് വിഷയത്തിലും ഷാ ബാനു കേസിലും എടുത്ത നിലപാടല്ല സിപിഐഎമ്മിന് ഇപ്പോള്‍ എന്ന് രാഷ്ട്രീയ ചരിത്രം ഓര്‍മിപ്പിക്കുക കൂടിയാണ് പിഎംഎ സലാം.
ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മുസ്‌ലിം സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഇന്ന് കോഴിക്കോട് ചേരുകയാണ്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ 11 സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും. നിയമ നടപടിക്കൊപ്പം പ്രക്ഷോഭ പരിപാടികള്‍ സംബന്ധിച്ചും തീരുമാനം ഉണ്ടാകും. എപി സമസ്ത, ഇ കെ സമസ്ത, കെഎന്‍എം വിസ്ഡം, എംഇഎസ്, തബ്ലീഗ്, ദക്ഷിണ കേരള മുസ്ലിം ജമാഅത്ത് എന്നിങ്ങനെ 11 സംഘടന പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. വിഷയം മുസ്ലിംകളുടെ മാത്രമല്ല, ഗോത്രവര്‍ഗക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ബാധിക്കുന്ന കാര്യമാണെന്നും ഒരുമിച്ചുള്ള നീക്കമാണ് ഉണ്ടാകേണ്ടത് എന്നും മുസ്ലിംലീഗ് നേതാവ് ഡോക്ടര്‍ എം കെ മുനീര്‍ പറഞ്ഞു.
പൗരത്വ പ്രക്ഷോഭ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മും മുന്നില്‍ നിന്നു സ്വീകരിച്ച നിലപാടിന് പിന്നില്‍ അണിചേരുകയായിരുന്നു മുസ്ലിം ലീഗ്. അന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തേക്കാള്‍ ലീഗ് വിശ്വസിച്ചത് സിപിഐഎമ്മിനെ ആണ്. മതേതരത്വം എന്നല്ല മതാതീതമായ നിയമങ്ങള്‍ എന്നുതന്നെയാണ് സിപിഐഎമ്മിന്റെ പ്രഖ്യാപിത നയം. ബി ആര്‍ അംബേദ്കര്‍ ഭരണഘടനാ അസംബ്ലിയില്‍ പറഞ്ഞ നിലപാട് തന്നെയാണ് അക്കാര്യത്തില്‍ അവസാന പാര്‍ട്ടി കോണ്‍ഗ്രസിലും സിപിഐഎം പറഞ്ഞിരുന്നത്. ഇപ്പോള്‍ ഏക സിവില്‍ കോഡില്‍ പക്ഷേ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കാനുള്ള നീക്കമാണെന്ന് വിലയിരുത്തല്‍ തന്നെയാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന നേതൃത്വവും പുലര്‍ത്തുന്നത്. അതിനൊപ്പമാണ് മുസ്ലിം ലീഗും ചേരാന്‍ മനസുകാണിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവരുന്നത് നിലപാടല്ല, നിലപാടില്ലായ്മ ആണെന്നും മുസ്ലിം ലീഗ് വിലയിരുത്തുന്നു.
ലീഗും സമസ്തയും ഉള്‍പ്പെടെ സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃയോഗവും നാളെ ചേരാനിരിക്കുകയാണ്. ബുധനാഴ്ച നടക്കുന്ന നേതൃയോഗത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാനാണ് തീരുമാനം. എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി പോരാട്ടത്തിന് നേതൃത്വം കൊടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ വ്യക്തമാക്കി. അഖിലേന്ത്യാതലത്തില്‍ തീരുമാനിക്കുന്ന നിലപാടിനൊപ്പം നില്‍ക്കും എന്നായിരുന്നു നേരത്തെ കെ സുധാകരന്റെ ഇക്കാര്യത്തിലെ അഭിപ്രായം. വിവാദം ഹിന്ദു മുസ്ലിം വിഷയമാക്കാന്‍ സിപിഐഎം ശ്രമിക്കുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റേയും ആരോപണം. സമരത്തിന് ഒരുങ്ങുമ്പോഴും പരസ്യമായി ഏകീകൃത സിവില്‍ കോഡിനെ പരസ്യമായി തള്ളി പറയാന്‍ ഇതുവരെയും കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായിട്ടില്ല.