വി.ഡി.സതീശന്‍ ആര്‍എസ്എസിനെ എതിര്‍ക്കുന്നത് മതമൗലികവാദികളുടെ പിന്തുണ കിട്ടാന്‍: കെ.സുരേന്ദ്രന്‍
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആര്‍എസ്എസിനെതിരെ അപവാദ പ്രചരണം നടത്തുന്നത് മതമൗലികവാദികളുടെ പിന്തുണ കിട്ടാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സജി ചെറിയാന്‍ ഭരണഘടനയ്‌ക്കെതിരെ പ്രസംഗിച്ചത് ഗുരുജി ഗോള്‍വാള്‍ക്കറുടെ പുസ്തകം വായിച്ചിട്ടാണെന്ന സതീശന്റെ ആരോപണം പച്ചക്കള്ളമാണ്. അതിനെതിരെ ആര്‍എസ്എസ് നേതൃത്വം നിയമനടപടി സ്വീകരിച്ചപ്പോള്‍ കള്ളം ഇനിയും പറയുമെന്ന് വെല്ലുവിളിക്കുകയാണ് സതീശന്‍ ചെയ്യുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരുന്ന് ഉത്തരവാദിത്വമില്ലാതെ എന്തൊക്കെയോ വിളിച്ചു പറയുകയാണ് സതീശന്‍ ചെയ്യുന്നത്. സിപിഐഎമ്മിനൊപ്പം ആര്‍എസ്എസും ഭരണഘടനയില്‍ വിശ്വസിക്കാത്തവരാണ് എന്നു കാണിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രം വിലപ്പോവില്ല. സംഘവും പരിവാര്‍ പ്രസ്ഥാനങ്ങളും ഒരിക്കലും ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ല, ഉയര്‍ത്തിപ്പിടിച്ചിട്ടേയുള്ളൂ. അടിയന്തരാവസ്ഥ നടപ്പാക്കിയ കോണ്‍ഗ്രസ് ഇപ്പോള്‍ ഭരണഘടനയുടെ സംരക്ഷകരാവുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
2013ല്‍ തൃശ്ശൂരില്‍ നടന്ന സംഘപരിവാര്‍ പരിപാടിയില്‍ സംഘ പ്രചാരകന്‍മാര്‍ക്കൊപ്പം വേദി പങ്കിടുകയും സംഘ പ്രസ്ഥാനങ്ങളെ പുകഴ്ത്തുകയും ചെയ്ത വ്യക്തിയാണ് വി.ഡി.സതീശന്‍. ആ സതീശനാണ് കെ.എന്‍.എ ഖാദര്‍ കേസരിയുടെ ചടങ്ങില്‍ പങ്കെടുത്തതിനെ വിമര്‍ശിക്കുന്നത്. എംഎല്‍എ ആയപ്പോള്‍ ഇല്ലാത്ത അയിത്തം പ്രതിപക്ഷ നേതാവായപ്പോള്‍ എങ്ങനെ ഉണ്ടായെന്ന് സതീശന്‍ വ്യക്തമാക്കണം. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ള വെറും തറവേല മാത്രമാണ് സതീശന്‍ നടത്തുന്നത്. രാഹുല്‍ ഗാന്ധിയെ പോലെ സതീശനും മാപ്പു പറയേണ്ടി വരുമെന്ന് കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.