വി ഡി സതീശന്‍ ശാസിച്ചു; നഗരസഭ ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് വി ഒ പൈലപ്പന്‍
ചാലക്കുടി നഗരസഭ ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് വി ഒ പൈലപ്പന്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിര്‍ദേശപ്രകാരമാണ് രാജി. ഇനി അവശേഷിക്കുന്ന രണ്ട് വര്‍ഷം എബി ജോര്‍ജാകും നഗരസഭാ ചെയര്‍മാന്‍. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കൂടിയാണ് എബി ജോര്‍ജ്. മുന്‍ ധാരണപ്രകാരം പൈലപ്പന് മാറാന്‍ സമയമായെന്ന് പാര്‍ട്ടി സൂചിപ്പിച്ചിരുന്നെങ്കിലും തനിക്ക് ആറ് മാസം കൂടി നല്‍കണമെന്ന ആവശ്യമായിരുന്നു പൈലപ്പന്‍ ഉയര്‍ത്തിയിരുന്നത്. ഒഴിയാന്‍ തയാറാകാതിരുന്ന പൈലപ്പന് പ്രതിപക്ഷ നേതാവും ഡിസിസിയും രാജിവയ്ക്കാന്‍ ഇന്നലെ അന്ത്യശാസനം നല്‍കുകയായിരുന്നു.
യുഡിഎഫിന് ആധിപത്യമുള്ള നഗരസഭയാണ് ചാലക്കുടി. 36 ല്‍ 27 സീറ്റ് യുഡിഎഫിനാണുള്ളത്. 27 ല്‍ ഒരു സീറ്റ് ലീഗിനും ബാക്കി കോണ്‍ഗ്രസിനുമാണ്. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ പാര്‍ട്ടി ധാരണ പ്രകാരം ആദ്യ ഒന്നര വര്‍ഷമായിരുന്നു പൈലപ്പന്റെ കാലയളവ്. 30 ദിവസം കൂടി നേതൃത്വത്തോട് ചോദിച്ചുവെങ്കിലും അനുമതി ലഭിക്കാത്തതിനാലാണ് പൈലപ്പന്‍ രാജി വച്ചത്.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി ജോര്‍ജ് ആണ് ഇനിയുള്ള രണ്ട് വര്‍ഷം ചെയര്‍മാനാവുക. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം എബി ജോര്‍ജും രാജിവച്ചു. അവസാന ഒന്നര വര്‍ഷം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും നഗരസഭ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ഷിബു വാലപ്പനാണ് ചെയര്‍മാന്‍ സ്ഥാനം വഹിക്കുക. വൈസ് ചെയര്‍മാന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങളിലും മാറ്റമുണ്ടാകും.