Wednesday, January 8, 2025
Kerala

സജി ചെറിയാനെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം: കെ സുരേന്ദ്രന്‍

ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിഞ്ജാ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സജി ചെറിയാനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. ഇന്ത്യന്‍ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാള്‍ക്ക് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടനയില്‍ തൊട്ട് സത്യപ്രതിഞ്ജ ചെയ്ത വ്യക്തിയാണ് സജി ചെറിയാന്‍. ഭരണഘടനയെ സംരക്ഷിക്കേണ്ട ചുമതലയുള്ളയാളാണ് മുഖ്യമന്ത്രി. കമ്മ്യൂണിസ്റ്റുകാരുടെ ഇന്ത്യന്‍ ഭരണഘടനയോടുള്ള അനാദരവാണ് സജി ചെറിയാന്റെ വാക്കുകളിലൂടെ പുറത്തു വന്നിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരന്‍ മാത്രമല്ല കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയാണ് താനെന്ന് പിണറായി വിജയന്‍ മനസിലാക്കണം.

ജനങ്ങളെ കൊള്ളയടിക്കാന്‍ എഴുതിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നാണ് മന്ത്രി പറയുന്നത്. ഇത് അങ്ങേയറ്റം വിവരക്കേടും അശ്ലീലവുമാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നും തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇത് ഏത് ഭരണഘടനയാണ് സജി ചെറിയാന്‍ വായിച്ചത്? ഇന്ത്യന്‍ ഭരണഘടന ജനങ്ങളെ ചൂഷണത്തില്‍ നന്നും രക്ഷിക്കാനുള്ളതാണ്. തൊഴിലാളികളെ സംരക്ഷിക്കുന്നതും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ കൈപിടിച്ച് ഉയര്‍ത്തുന്നതുമാണ്. കോടതിക്കെതിരായ സിപിഎമ്മിന്റെ നിലപാട് മന്ത്രി ആവര്‍ത്തിക്കുന്നതും ഗൗരവതരമാണ്. പഞ്ചാബ് മോഡല്‍ പ്രസംഗത്തിനേക്കാള്‍ അപകടകരമാണ് സജി ചെറിയാന്റെ പ്രസംഗം. സജി ചെറിയാനെ പുറത്താക്കിയില്ലെങ്കില്‍ ബിജെപി ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *