ഏക സിവിൽ കോഡ്, സിപിഐഎം സെമിനാറിലേക്കുള്ള ക്ഷണം ലഭിച്ചു; തീരുമാനം പിന്നീട്: ജിഫ്രി മുത്തുക്കോയ തങ്ങൾ
സിപിഐഎം സെമിനാറിലേക്കുള്ള ക്ഷണം ലഭിച്ചു തീരുമാനം പിന്നീടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ സംഘടനയിൽ ആലോചിച്ച് തീരുമാനം എടുക്കുമെന്നും ജിഫ്രിതങ്ങൾ പറഞ്ഞു. രണ്ടുമണിക്ക് ചേരുന്ന സമസ്ത കൺവൻഷന് ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സുന്നി നേതാവ് മുസ്തഫ മുണ്ടുപാറയെ സെമിനാറിന്റെ സംഘാടക സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് സിപിഐഎം. വൈസ് ചെയർമാൻമാരുടെ പട്ടികയിലാണ് സിപിഐഎം ഉൾപ്പെടുത്തിയത്.
ഏക സിവിൽ കോഡിൽ എതിർപ്പറിയിച്ച് നേരത്തെ തന്നെ സമസ്ത രംഗത്തെത്തിയിരുന്നു. ഇത് ഒരു മതത്തിനും അംഗീകരിക്കാൻ ആകില്ലെന്നാണ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത്. ഈ വിഷയത്തിൽ മുസ്ലീം ലീഗും പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ നീക്കത്തോട് യോജിക്കാനാകില്ല. രാഷ്ട്രീയ കക്ഷികളേയും സമുദായങ്ങളേയും യോജിപ്പിച്ച് പ്രക്ഷോഭം ആലോചിക്കും. സമസ്ത അതിന് നേതൃത്വം നൽകും. മറ്റ് മത നേതാക്കളെയും സമീപിക്കും .എല്ലാ രാഷ്ട്രീയ കക്ഷികളും യോജിക്കണമെന്നും ജിഫ്രിൻ തങ്ങൾ പറഞ്ഞിരുന്നു. ഇടതു പക്ഷം ഏകീകൃത സിവില്‍ കോഡിനെ എതിർത്തത് സ്വാഗതം ചെയ്യുന്നുവെന്നും സമസ്ത അധ്യക്ഷന്‍ വ്യക്തമാക്കി.