തെരഞ്ഞെടുപ്പ് അടുത്തു, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് പഠിക്കാന്‍ സമിതിയെ നിയോഗിച്ച് ഗുജറാത്ത് സര്‍ക്കാര്‍
സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ നടപടികള്‍ വിലയിരുത്താന്‍ സമിതിയെ രൂപീകരിച്ച് ഗുജറാത്ത് സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെയാണ് നീക്കം. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ കീഴില്‍ ഉത്തരാഖണ്ഡിലെ കമ്മിറ്റിയുടെ മാതൃകയില്‍ സമിതി രൂപീകരിക്കാനാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നിര്‍ദേശം നല്‍കിയത്.
ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ഏകീകൃത സിവില്‍ കോഡ് അനിവാര്യമാണെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി പറഞ്ഞു. സമിതി രൂപീകരിക്കാനുള്ളത് ചരിത്രപരമായ തീരുമാനമാണെന്നും ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി പ്രതികരിച്ചു.
ഈ വര്‍ഷം അവസാനത്തോടെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഏകീകൃത സിവില്‍ കോഡ് നടപടികളുമായി സംസ്ഥാനം മുന്നോട്ടുപോകുന്നത്. അതേസമയം സമിതി രൂപീകരിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ‘ഗിമ്മിക്ക്’ എന്ന് തീരുമാനത്തെ വിശേഷിപ്പിച്ച ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മോദ്വാദിയ അത്തരം നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും പറഞ്ഞു.
‘പണപ്പെരുപ്പവും തൊഴിലില്ലായ്മയും സര്‍ക്കാരിന്റെ പരാജയവും കാരണം ബുദ്ധിമുട്ടുന്ന പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള അധികാരം കേന്ദ്രത്തിനാണ്. അല്ലാതെ സംസ്ഥാനത്തിനല്ല’. മോദ് വാദിയ പ്രതികരിച്ചു.
കഴിഞ്ഞ മെയിലാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറും യുസിസി ഉടന്‍ സംസ്ഥാനത്ത് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതേസമയം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ നീക്കമാണെന്ന് ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പ്രതികരിച്ചു.