അനിൽ ആന്റണി ബിജെപിയിൽ; അംഗത്വം നൽകി കേന്ദ്രമന്ത്രി പിയുഷ് ഗോയൽ
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പിയുഷ് ഗോയൽ അനിൽ ആന്റണിയെ ഷാൾ അണിയിച്ച് സ്വീകരിക്കുകയും അംഗത്വം നൽകുകയും ചെയ്തു. പാർട്ടിയുടെ സ്ഥാപക ദിനമായ ഇന്ന് അനിൽ ആന്റണിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ചടങ്ങിൽ വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളിൽ രാജ്യത്തിന്റെ താല്പര്യത്തിനൊപ്പം നിലപാട് എടുത്ത വ്യക്തിയാണ് അനിൽ എന്ന് അദ്ദേഹം കൂടി ചേർത്തു.
ഇന്ത്യയിലെ കോൺഗ്രസിനെയും അതിലുപരി കേരള ഘടകത്തെയും പ്രതിരോധത്തിലാക്കുന്ന നീക്കമാണ് ഇന്ന് ബിജെപി നടത്തിയത്. കോൺഗ്രസ് സർക്കാരിൽ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം വഹിച്ച മുതിർന്ന നേതാവുകൂടിയായ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക് എത്തിക്കുന്നതിൽ വിജയിക്കാൻ അവർക്കായി. കോൺഗ്രസിന്റെ ഡിജിറ്റൽ ടീമിൽ സ്ഥാനം വഹിച്ചിരുന്ന നേതാവ് കൂടിയായ അനിൽ ആന്റണിയുടെ പാർട്ടി പ്രവേശനം വിമർശകർക്ക് ഉള്ള മറുപടിയെന്നാണ് മുരളീധരൻ വ്യക്തമാക്കിയത്.
അനിൽ ആന്റണിയുടെ സാന്നിധ്യം കൂടുതൽ ക്രിസ്ത്യൻ വിഭാഗങ്ങളെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. രാഷ്ട്രീയമായി കേരളത്തിൽ ഇത് ഗുണം ചെയ്യുമെന്നാണ് ബിജെപി കരുതുന്നത്.
ബിജെപിയുടെ യുവജന വിഭാഗത്തിന്റെ ഭാഗമായാകും അനിൽ ആന്റണി പ്രവർത്തിക്കുക. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 3 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ അറിയിക്കും. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്ററുമായിരുന്നു. ബിബിസി വിവാദത്തെ തുടർന്ന് കോൺഗ്രസുമായി തെറ്റി, പദവികൾ രാജിവച്ചു.