എലത്തൂർ ട്രെയിൻ തീവയ്പ്പ്: പ്രതിയെ പിടികൂടിയത് കൂട്ടായ നീക്കത്തിലൂടെ; എഡിജിപി
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അതിവേഗത്തിലാണ് പ്രതി പിടിയിലായത്. മറ്റ് സംസ്ഥാങ്ങളിലെ ഏജൻസികൾ സഹായിച്ചതിനാലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത് എന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ എഡിജിപി എം. ആർ അജിത് കുമാർ വ്യക്തമാക്കി. രാജ്യവും സംസ്ഥാനവും ഒരേ പോലെ ഉറ്റുനോക്കുന്ന പ്രത്യേക ശ്രദ്ധ ആകർഷിച്ച ഒരു കേസാണ് എലത്തൂർ ട്രെയിൻ തീവയ്പ്പ്. അതിനാൽ കൂട്ടായ അന്വേഷണം വേണമെന്ന് അന്ന് തന്നെ കേരള പൊലീസും കേരള സർക്കാരും തീരുമാനിച്ചിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസും മറ്റ് ഏജൻസികളും സംയുക്തമായി നീങ്ങിയതിന്റെ ഭാഗമായാണ് വളരെ വേഗത്തിൽ പ്രതിയെ പിടികൂടാൻ സാധിച്ചതിന് കാരണമെന്ന് അദ്ദേഹത്തെ വ്യക്തമാക്കി . ഒരു വ്യക്തിയുടെ ഒരു യൂണിറ്റിന്റെയോ ശ്രമഫലമായല്ല, മറിച്ച് എല്ലാവരും ചേർന്ന് നടത്തിയതിന്റെ ഫലമാണ് ഈ നേട്ടം. തുടർന്നും, ഈ കേസിന്റെ അന്വേഷണം വളരെ വിശദമായി തന്നെ നടത്തും എന്ന് അദ്ദേഹം കൂടി ചേർത്തു.
ഈ കേസിനു സംസ്ഥാനത്തിന് പുറത്തുള്ള ബന്ധങ്ങൾ കാരണമാണ് മറ്റ് ഏജൻസികൾ കേസിലേക്ക് കടന്നു വന്നത് എന്ന് അജിത് കുമാർ അറിയിച്ചു. മറ്റ് ഏജൻസികളുടെ സഹകരണവും കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും ഡിജിപിയുടെ ഇടപെടലുകളുമാണ് പ്രതിയെ അതിവേഗം കേരളത്തിൽ എത്തിക്കാൻ സഹായിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, ഷാരുഖ് സൈഫിയുടെ കേരളത്തിലേക്കുള്ള യാത്ര ദുരൂഹമെന്ന നിലപാടിലുറച്ച് ഡൽഹി പൊലീസ്. സമ്പർകാന്തി എക്സ്പ്രെസ്സിൽ കേരളത്തിലേക്ക് പോയെന്നും തിരികെ മടങ്ങാൻ ശ്രമിച്ചെന്നുമായ വിഷയങ്ങൾ പരിശോധിച്ചാണ് ഡൽഹി പൊലീസ് ഈ നിലപാടിൽ എത്തിയത്. ഇയാൾ ഒരു ഘട്ടത്തിലും മുൻപ് കേരളത്തിലേക്ക് പോയിട്ടില്ലെന്ന കുടുംബത്തിന്റെ വാദത്തോട് പൊലീസിന് യോജിക്കാനും സാധിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട ഡൽഹി പൊലീസ് ലഭിച്ച വിവരങ്ങൾ പരിശോധിച്ചപ്പോൾ ഷാരൂഖ് സൈഫി ഡൽഹി വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയെന്ന് കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.