Monday, January 6, 2025
Kerala

‘അരിക്കൊമ്പനെന്ന് വിചാരിച്ച് കൊണ്ടുപോയത് കുഴിയാനയെ’; അനിലിന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് സുധാകരന്‍

കോഴിക്കോട്: അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അരിക്കൊമ്പനാണെന്ന് വിചാരിച്ചാവും അനില്‍ ആന്റണിയെ ബിജെപി പിടിച്ചത്, കുഴിയാനയാണെന്ന് കാണാന്‍ പോകുന്നതേയുള്ളൂയെന്ന് സുധാകരന്‍ പരിഹസിച്ചു. അനിലിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് ഇനിയും നേതാക്കള്‍ ബിജെപിയിലെത്തുമെന്ന അമിത് ഷായുടെ പ്രതികരണത്തെയും സുധാകരന്‍ തള്ളി. ഒരുപാട് പേര്‍ വരുമെന്ന അമിത് ഷായുടെ പ്രതീക്ഷ നല്ലതാണ്. ഒരു ആത്മവിശ്വാസം എപ്പോഴും ആവശ്യമല്ലേ. പക്ഷെ അമിത് ഷാ വിചാരിക്കുന്നതെന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നതാണ് സത്യമെന്ന് സുധാകരന്‍ പറഞ്ഞു.

എകെ ആന്റണിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിലും സുധാകരന്‍ പ്രതികരിച്ചു. ‘എകെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഉണ്ടെങ്കില്‍ അത് അപലപനീയമാണ്. ആന്റണിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി വിരുദ്ധമാണ്. പാര്‍ട്ടിക്ക് വേണ്ടി ആന്റണി ചെയ്ത പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. അദ്ദേഹത്തെ വില കുറച്ച് കാണിക്കാന്‍ ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കും, നടപടി സ്വീകരിക്കും.’

ബിജെപിയിലേക്ക് അടുത്തത് കെ. സുധാകരന്‍ എന്ന എം.വി ജയരാജന്റെ പ്രസ്താവനയെയും സുധാകരന്‍ പരിഹസിച്ചു. ജയരാജന്റേത് വായയ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന ശൈലിയാണ്. ജയരാജനല്ല തന്റെ രാഷ്ട്രീയ ഗുരുവെന്ന് അദ്ദേഹം പറഞ്ഞു. എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തില്‍ പൊലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നും സുധാകരന്‍ പറഞ്ഞു. അലസമായ അന്വേഷണമാണ് പൊലീസിന്റേത്. മൃതദേഹം കണ്ടെത്തിയത് മൂന്നു മണിക്കൂറിന് ശേഷമാണ്. ആക്രമണം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മഹിളാ കോണ്‍ഗ്രസ് പുനഃസംഘടനയെ ചൊല്ലിയുള്ളത് ചെറിയ പ്രശ്‌നങ്ങള്‍ മാത്രമാണെന്നും കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും തൃപ്തികരമായ പട്ടിക പുറത്തിറക്കാന്‍ കഴിയുമോയെന്നും സുധാകരന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *