Monday, January 6, 2025
Kerala

അനിൽ ആന്റണിയെ പോലെ ചിന്തിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ ആഗ്രഹ പ്രകടനമാണ് നടന്നത്; കെ സുരേന്ദ്രൻ

അനിൽ ആന്റണിയെ പോലെ ചിന്തിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ ആഗ്രഹ പ്രകടനമാണ് നടന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ . അനിൽ ആന്റണി ബിജെപി അം​ഗത്വം സ്വീകരിക്കുന്ന ചടങ്ങിലാണ് സുരേന്ദ്രന്റെ പരാമർശം. നിരവധിയാളുകൾ വരും ദിവസങ്ങളിൽ ബിജെപിയിൽ ചേരും. നരേന്ദ്രമോദിക്ക് അനുകൂലമായിട്ടുള്ള വികാരം കേരളത്തിൽ ശക്തമായി മാറിക്കൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

‘അനിൽ ആന്റണി എന്ന് പറയുന്ന ഒരു വ്യക്തിയുടെ മാത്രം തീരുമാനമല്ല ഇത്. അനിൽ ആന്റണിയെ പോലെ ചിന്തിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ ആഗ്രഹ പ്രകടനമാണ് ഇവിടെ നടന്നിരിക്കുന്നത്. നരേന്ദ്രമോദിജിക്ക് അനുകൂലമായിട്ടുള്ള വികാരം കേരളത്തിൽ ശക്തമായി മാറിക്കൊണ്ടിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാർട്ടിക്ക് ഏറ്റ തിരിച്ചടിയാണിത്. രാജ്യത്തിനകത്ത് നിന്നും പുറത്ത് പോയി ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നേതാവ് ഇത് മനസിലാക്കണമെന്നും വരും ദിവസങ്ങളിൽ നിരവധിയാളുകൾ ബിജെപിയിൽ ചേരുമെന്നും ‘- കെ സുരേന്ദ്രൻ പറഞ്ഞു.

അനിൽ ആന്റണി രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം രാജ്യ താത്പര്യം ഉയർത്തിപ്പിടിക്കുന്നയാളാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ പറഞ്ഞു. ഹൈന്ദവ വിഭാഗത്തിൽ നിന്ന് അല്ലാത്തവരെ ബി ജെ പി അംഗീകരിക്കുന്നില്ലെന്ന വിമർശനത്തിന് മറുപടിയാണ് അനിൽ ആൻ്റണിയുടെ പ്രവേശനമെന്നും മുരളീധരൻ പറഞ്ഞു. ബിജെപിയുടെ സ്ഥാപകദിനമായ ഇന്ന് സന്തോഷകരമായ സുദിനമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *