Saturday, October 19, 2024
Kerala

തിരുവനന്തപുരത്തെ നാമജപഘോഷയാത്ര; എൻഎസ്എസ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരത്ത് നാമജപഘോഷയാത്രയിൽ പങ്കെടുത്തതിന്റെ പേരിൽ കേസെടുത്തതിനെതിരെ എൻഎസ്എസ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും, എഫ്‌ഐആർ റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജി. എൻഎസ്എസ് വൈസ് പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ സംഗീത് കുമാറാണ് മുതിർന്ന അഭിഭാഷകൻ പി.വിജയഭാനു മുഖേന ഹർജി നൽകിയത്.

നിയമവിരുദ്ധമായി സംഘം ചേരൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് ഹർജിയിലെ വാദം. സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കുകയെന്നത് ഭരണഘടനാപരമായ അവകാശമാണെന്നും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ഹർജി ജസ്റ്റിസ് രാജാവിജയ രാഘവനാണ് പരിഗണിക്കുന്നത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു എൻ.എസ്.എസ് നാമജപ ഘോഷയാത്ര സംഘടിപ്പിക്കുകയും വിശ്വാസ സംരക്ഷണ ദിനം ആചരിക്കുകയും ചെയ്തത്. നാമജപഘോഷയാത്ര നടത്തിയതിന്റെ പേരിൽ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. കേസിന്റെ തുടർ നടപടികളുമായി പൊലീസ് മുന്നോട്ടു പോകുന്നതിനിടയിലാണ് എൻ.എസ്.എസ് ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published.