53 വര്‍ഷത്തിന് ശേഷം ഉമ്മന്‍ചാണ്ടിയില്ലാത്ത ആദ്യ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ മുതല്‍ മിത്ത് വിവാദം വരെയുളളവ ഈ സഭാ സമ്മേളനത്തെ ചൂടുപിടിപ്പിക്കും. വിവാദ വിഷയങ്ങളില്‍ മൗനം തുടരുന്ന മുഖ്യമന്ത്രിയുടെ സഭയിലെ പ്രതികരണങ്ങളും ശ്രദ്ധേയമാകും.
പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം പന്ത്രണ്ട് ദിവസമാണ് ചേരുക. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ സ്പീക്കർ വക്കം പുരുഷോത്തമനും ചരമോപചാരം അർപ്പിച്ച് ഇന്ന് സഭ പിരിയും. കഴിഞ്ഞ 53 വർഷത്തിനിടെ, ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യമില്ലാത്ത ആദ്യ നിയമസഭാ സമ്മേളനത്തിന് കൂടിയാണ് ഇന്ന് തുടക്കം കുറിക്കുന്നത്. പ്രതിപക്ഷത്തിന്റെ ഒന്നാം നിരയിലെ ഉമ്മന്‍ചാണ്ടിയുടെ ഇരിപ്പിടം മാറ്റി സീറ്റുകള്‍ പുനഃക്രമീകരിക്കും.
പത്തൊൻപത് ബില്ലുകളാണ് ഈ സെഷനിലെ പ്രധാന അജണ്ട. ആലുവ കൊലപാതകവും ഗുണ്ടാ ആക്രമണങ്ങളും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും സഭയില്‍ ചർച്ചയാകും. മൈക്ക് വിവാദം, ഏക വ്യക്തി നിയമം, എഐ ക്യാമറ, ആര്‍ ബിന്ദുവിനെതിരായ ആരോപണം, മുതലപ്പൊഴിയിലെ തുടർച്ചയായ അപകടം എന്നിവയും ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ആയുധമാക്കും. മിത്ത് വിവാദം സഭയില്‍ ചർച്ചയാക്കണമോ എന്നതില്‍ യുഡിഎഫ് തീരുമാനത്തിലെത്തിയിട്ടില്ല.