അതിഥി പോർട്ടൽ രജിസ്‌ട്രേഷന് ഇന്ന് തുടക്കം
സംസ്ഥാനത്തെ അതിഥിതൊഴിലാളികളുടെ കൃത്യമായ വിവരശേഖരണം ലക്ഷ്യമിട്ടുളള രജിസ്ട്രേഷന്‍ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. അതിഥി തൊഴിലാളികൾക്ക് നേരിട്ടും കരാറുകാർ-തൊഴിലുടമകള്‍ മുഖേനയും രജിസ്റ്റർ ചെയ്യാം. തൊഴിൽ വകുപ്പ് ഓഫീസുകളിലും വർക്ക് സൈറ്റുകളിലും ലേബർ ക്യാമ്പുകളിലും രജിസ്ട്രേഷന് സൗകര്യമൊരുക്കും.
മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. പോർട്ടലിൽ പ്രാദേശിക ഭാഷകളിലും നിർദ്ദേശങ്ങൾ ലഭ്യമാണ്. നൽകിയ വ്യക്തിവിവരങ്ങൾ എൻറോളിംഗ് ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം അതിഥി തൊഴിലാളിക്ക് യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികൾ പൂർത്തിയാകും. രജിസ്‌ട്രേഷൻ നടപടികൾ സമയ ബന്ധിതമായി പൂർത്തിയാക്കാനാണ് തൊഴില്‍ വകുപ്പിന്‍റെ ആലോചന.
അതിഥിതൊഴിലാളി രജിസ്ട്രേഷൻ കൂടുതൽ എളുപ്പമാക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള അതിഥി മൊബൈൽ ആപ്പ് അന്തിമഘട്ടത്തിലാണ്. അത് പ്രാബല്യത്തിൽ വരുന്നതോടെ തൊഴിലാളികൾക്ക് പോർട്ടലിലോ ആപ്പിലോ പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കും. ആവാസ് ഇൻഷുറൻസ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും യുണീക് ഐഡി നിർബന്ധമാക്കും.