തലശേരിയിലെ പിഞ്ചുബാലന് എതിരായ അക്രമം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി
കുരുന്നിനെതിരായ അതിക്രമത്തിൽ പ്രതിയെ വിട്ടയക്കാൻ സിപിഐഎം ഇടപെട്ടുവെന്നാണ് ബിജെപിയുടെ ആരോപണം. പ്രതിയെ രാത്രി വിട്ടയച്ചതിന് പിന്നിൽ സിപിഐഎം ഉന്നത നേതാക്കളുടെ സമ്മർദമുണ്ടെന്ന് പി.കെ കൃഷ്ണ ദാസ് ആരോപിക്കുന്നു. ആഭ്യന്തര വകുപ്പ് വേട്ടക്കാർക്കൊപ്പമാണ് നിൽക്കുന്നത്.
കേസിൽ ഇടപെട്ടത് എ.എൻ ഷംസീറാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ് ആരോപിച്ചു.
തലശേരിയിൽ കാറിൽ ചാരിനിന്നതിന് കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച കേസിലെ പ്രതിയെ ആദ്യം വിട്ടയച്ചതിന് പിന്നിൽ സിപിഐഎമ്മിന്റെ ഇടപെടലുണ്ടെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും ആരോപിച്ചു. പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചതിൽ സിപിഐഎം മറുപടി പറയണം. പ്രതിയെ വിട്ടയയ്ക്കാനുള്ള തീരുമാനം പൊലീസ് സ്വയം എടുത്തതല്ല. ദൃശ്യങ്ങൾ തെളിവായി ഉണ്ടായിട്ടും പൊലീസ് അലംഭാവം കാട്ടിയത് സമ്മർദത്തെത്തുടർന്നാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
ഇത്തരമൊരു ഗുരുതര കൃത്യം ചെയ്ത പ്രതിയെ സ്വമേധയ വെറുതെ വിടണമെങ്കിൽ പൊലീസിന് എത്ര കഠിന ഹൃദയമാണെന്ന് ആലോചിച്ച് നോക്കണം. ഏതെങ്കിലും ഒരാൾക്ക് ഇതിനെ ന്യായീകരിക്കാൻ തോന്നുമോ? സമ്മർദമാണ് പൊലീസിനെക്കൊണ്ട് അത് ചെയ്യിച്ചത്. തീർച്ചയായും സിപിഐഎം ഉന്നതർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മാർട്ടിൻ ജോർജ് പറഞ്ഞു.
ഇന്നലെ വൈകീട്ടാണ് ദാരുണ സംഭവമുണ്ടായത്. തന്റെ കാറിൽ ചവിട്ടിയെന്നാരോപിച്ചാണ് മുഹമ്മദ് ഷിനാദ് എന്ന പൊന്ന്യം സ്വദേശിയായ യുവാവ്, രാജസ്ഥാൻ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ ഗണേഷ് എന്ന കുഞ്ഞിനെ ചവിട്ടിത്തെറിപ്പിച്ചത്. കുട്ടിക്കെതിരെ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.