ജമ്മു കശ്മീരിലെ സോപോറിൽ 2 ലഷ്‌കർ ഇടി ഭീകരർ പിടിയിൽ; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു
രണ്ട് ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ സോപോറിൽ നിന്ന് പിടികൂടിയതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. റിസ്‌വാൻ മുഷ്താഖ് വാനി, ജമീൽ അഹമ്മദ് പാര എന്നിവരാണ് അറസ്റ്റിലായ ലഷ്‌കർ ഇടി ഭീകരരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സോപോർ പൊലീസും 22 RR-ഉം നടത്തിയ പരിശോധനയിൽ ആയുധങ്ങളും വെടിക്കോപ്പുകളും ഭീകരരുടെ കൈവശം കണ്ടെടുത്തു.
‘ബസ് സ്റ്റാൻഡിൽ ഒരു ബാഗുമായി വരികയായിരുന്ന ഒരാളുടെ സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അയാളോട് നിൽക്കാൻ ആവശ്യപ്പെട്ടു, എന്നാൽ അയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സുരക്ഷാ സേന തന്ത്രപരമായി പിടികൂടുകയായിരുന്നു’ പൊലീസ് പ്രസ്താവനയിൽ പറയുന്നു. അറസ്റ്റിലായ റിസ്വാൻ മുഷ്താഖ് നിരോധിത സംഘടനയായ ലഷ്‌കറെ തീവ്രവാദിയാണെന്ന് പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞതായും പ്രദേശവാസികളല്ലാത്തവരെയും ന്യൂനപക്ഷങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു.
റിസ്വാൻ മുഷ്താഖ് കൂട്ടാളിയുടെ പേര് വെളിപ്പെടുത്തിയതിന് പിന്നാലെ മറ്റൊരു ഭീകരൻ ജമീൽ അഹമ്മദ് പാരയെയും പിടികൂടി. രാത്രി വൈകിയാണ് പാരയെ ബാരാമുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ നടത്തിയ പരിശോധനയിൽ പിസ്റ്റൾ, ഗ്രനേഡുകൾ പോലുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.