Monday, January 6, 2025
Kerala

ഒരു കത്തും സിപിഐഎം ജില്ലാ സെക്രട്ടറിക്ക് നൽകിയിട്ടില്ല, സംഭവം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം നഗരസഭാ ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഒരു കത്ത് പ്രചരിക്കുന്നതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. ഇങ്ങിനെയൊരു കത്ത് മേയർ എന്ന നിലയിലോ മേയറുടെ ഓഫീസിൽ നിന്നോ നൽകിയിട്ടില്ല. ഇത്തരത്തിൽ കത്ത് നൽകുന്ന പതിവും നിലവിലില്ല.

മേയർ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്. വിശദമായ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താനാകു. ഔദ്യോഗികമായി അത് നടന്ന് വരുകയാണ്. ഇത്തരത്തിൽ നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാൻ ചിലർ നേരത്തേയും പല ശ്രമങ്ങളും നടത്തിയിരുന്നു. ആ ശ്രമമെല്ലാം പരാജയപെട്ടപ്പോഴാണ് ഇവർ പുതിയ തന്ത്രവുമായി രംഗത്ത് വരുന്നത്.

ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് നഗരസഭയും ഭരണ സമിതിയും ഉദ്ദേശിക്കുന്നത്. മാത്രവുമല്ല ഇങ്ങിനൊരു ആക്ഷേപം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടർന്ന് എംപ്ലോയ്മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി.

മേയറുടെ വിവാദ കത്ത് പുറത്തായതോടെ തിരുവനന്തപുരം നഗരസഭയിലേക്ക് പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധമുണ്ടായി. യൂത്ത് കോൺഗ്രസ്സും യുവമോർച്ചയും നഗരസഭക്കുള്ളിലേക്ക് തള്ളിക്കയറി. അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സത്യപ്രതിജ്ഞ ലംഘനം നടത്തിയ മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യുഡിഎഫ് – ബിജെപി കൗൺസിലർമാർ നഗരസഭക്കകത്ത് ഉപരോധ ധർണയും സംഘടിപ്പിച്ചു. നഗരസഭയിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ചും അരങ്ങേറി.

തന്റെ കയ്യിൽ കത്ത് കിട്ടിയിട്ടില്ലെന്നും മേയറോട് ഇക്കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് തിരക്കിയതിനുശേഷം പ്രതികരിക്കാം.
ഇങ്ങനെ ഒരു കത്ത് പാർട്ടി ഇതുവരെ കണ്ടിട്ടില്ല. സംഭവത്തെ പാർട്ടി ഗൗരവമായാണ് കാണുന്നത്. പാർട്ടിക്കെതിരെ ഇങ്ങനെ ഒരു ആക്ഷേപം ഇത് വരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നഗരസഭയിൽ ഒഴിവുകൾ ഉള്ള കാര്യം പാർട്ടി നേതൃത്വത്തെ അറിയിക്കുന്നതിൽ തെറ്റില്ലെന്ന് വി കെ പ്രശാന്ത് പറഞ്ഞു. എന്നാൽ നേതൃത്വം നൽകുന്ന പട്ടിക വെച്ചല്ല നിയമനം നടത്തുന്നത്. ഏതെങ്കിലും കത്തിന്റെ അടിസ്ഥാനത്തിൽ അല്ല നഗരസഭയിൽ നിയമനങ്ങൾ നടക്കുന്നതെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മുൻ മേയർ കൂടിയായ വി കെ പ്രശാന്ത് പറഞ്ഞു.

ഒഴിവുകളിലേക്ക് പാർട്ടിക്കാരുടെ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ കത്തയച്ചതാണ് വിവാദമായത്. ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്തെത്തിയിട്ടുണ്ട്. നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലേക്ക് നിയമനം നടത്താനാണ് മേയർ മുൻഗണന പട്ടിക കത്തിലൂടെ ആവശ്യപ്പെട്ടത്. ആകെ 295 ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മേയർ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള കത്ത്.

ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനാണ് മേയർ ആനാവൂർ നാഗപ്പനോട് പട്ടിക തേടിയത്. ഡോക്ടേഴ്‌സ്, നഴ്‌സ്, ഫാർമസിസ്റ്റ് മുതലായ തസ്‌കികകളിലേക്ക് ഉൾപ്പെടെയാണ് പാർട്ടിക്കാരുടെ മുൻഗണനാ പട്ടിക സിപിഐഎം ജില്ലാ സെക്രട്ടറിയോട് മേയർ ആവശ്യപ്പെട്ടത്. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ ആനാവൂർ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്തയച്ചിരിക്കുന്നത്. കത്തിന്റെ പകർപ്പ് സിപിഐഎം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. കത്ത് വ്യാജമാണോയെന്ന് പരിശോധിച്ചാൽ മാത്രമേ സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് മനസിലാക്കാനാവൂ.

Leave a Reply

Your email address will not be published. Required fields are marked *