കെപിസിസി ഭാരവാഹി പട്ടിക കൈമാറി; പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
കെപിസിസി (KPCC) ഭാരവാഹികളുടെ പട്ടിക കൈമാറി. കെപിസിസി ഭാരവാഹികളുടെ 51 അംഗ പട്ടികയാണ് ഹൈക്കമാൻഡിന് ഇന്നലെ കൈമാറിയത്. പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും എന്നാണ് സൂചന. വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ പട്ടികയാണ് നൽകിയത്. കെപിസിസി സെക്രട്ടറിമാരുടെ ലിസ്റ്റ് പിന്നീട് കൈമാറും.
സമുദായ സമവാക്യം, ദളിത് വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തിയാണ് പട്ടിക നൽകിയത്. മുൻ ഡിസിസി പ്രസിഡന്റുമാർ ഭാരവാഹികൾ ആകില്ല. മാനദണ്ഡങ്ങളിൽ ഇളവ് നൽകേണ്ടതില്ലെന്നും തീരുമാനമുണ്ട്. രാജീവന്‍ മാസ്റ്റര്‍, എം പി വിന്‍സന്‍റ് എന്നീ മുന്‍ ഡിസിസി അധ്യക്ഷന്മാരെ പട്ടികയിൽ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു.
തങ്ങളോട് വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് ഭാരവാഹികളുടെ പട്ടിക തയ്യാറാക്കിയതെന്ന് വി എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാതിപ്പെട്ടിരുന്നു. അതേസമയം, ഭാരവാഹി പട്ടികയുടെ കാര്യത്തിൽ താനോ ഉമ്മൻ ചാണ്ടിയോ ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തങ്ങളോട് ലിസ്റ്റ് ചോദിച്ചു, ലിസ്റ്റ് കൊടുത്തു. ഗ്രൂപ്പുകൾ സമ്മർദം ചെലുത്തിയെന്ന വാദം ശരിയല്ലെന്നും പട്ടിക ഉടൻ പുറത്തുവരണമെന്നാണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
കെപിസിസി പുനഃസംഘടനയിൽ മാനദണ്ഡങ്ങള്‍ അട്ടിമറിക്കാന്‍ ഇടപെട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചിരുന്നു. ഒരു ദിവസം കൊണ്ട് പൊട്ടി വീണ നേതാവല്ല താനെന്നും അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ലെന്നും കെ സി വേണുഗോപാല്‍ വിശദീകരിച്ചു. വേണുഗോപാലിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തിയിരുന്നു.