പോപ്പുലർ ഫ്രണ്ടിന് എതിരായ നടപടിയിൽ പൊലീസിന് വീഴ്ചയുണ്ടായോ എന്ന് ഇന്റലിജൻസിന്റെ അന്വേഷണം
പോപ്പുലർ ഫ്രണ്ടിന് എതിരായ നടപടിയിൽ പൊലീസ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയോ എന്ന് അന്വേഷണം. സംസ്ഥാന ഇന്റലിജൻസാണ് പരിശോധന നടത്തുന്നത്. പി.എഫ്.ഐ ഹർത്താലിൽ ചില ഉദ്യോഗസ്ഥർ ശക്തമായ നടപടി എടുത്തിട്ടില്ലെന്ന വിവരത്തെ തുടന്നാണ് രഹസ്യ അന്വേഷണം നടത്തുന്നത്.
ചില ജില്ലകളിൽ എസ്.എച്ച്.ഒ തലത്തിൽ വീഴ്ച ഉണ്ടായി എന്നാണ് പ്രാഥമിക വിവരം. പോപ്പുലർ ഫ്രണ്ട് കേസുകളിൽ നടപടി ശക്തമാക്കാനും നിർദേശമുണ്ട്. അക്രമം നടന്നതിന് ശേഷം കൃത്യമായ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തുന്നതിൽ വീഴ്ച്ച വന്നിട്ടുണ്ടോ എന്നും പരിശോധിക്കും. ഹർത്താൽ അക്രമക്കേസുകളിൽ എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന നിർദേശമാണ് പൊലീസിന് നൽകുന്നത്.
അതേസമയം, പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കോട്ടയം കോട്ടമുറിയിൽ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച പ്രതികൾ പിടിയിലായി. മറ്റം കവല സ്വദേശി നസാറുള്ള, നൂറ്റൊന്ന് കവല സ്വദേശി ഷമീർ സലീം
എന്നിവരാണ് അറസ്റ്റിലായത്. തെള്ളകത്ത് കെഎസ് ആർ ടിസി ബസ് കല്ലേറിഞ്ഞു തകർത്ത പെരുമ്പായിക്കാട് സ്വദേശി ഷാനുൽ ഹമീദ്, നൂറ്റൊന്ന് കവല സ്വദേശി മുഹമ്മദ് റാഫി എന്നിവരും അറസ്റ്റിലായി. ഏറ്റുമാനൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ പിഎഫ് ഐ-എസ്ഡിപിഐ പ്രവർത്തകരാണ്.
എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളെ നിരോധിക്കണം എന്ന നിലപാട് തങ്ങൾക്കില്ലെന്ന് വ്യക്തമാക്കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്നലെ രംഗത്തെത്തിയിരുന്നു. നിരോധനം കൊണ്ട് ഒരു തീവ്രവാദ സംഘത്തിൻ്റെയും പ്രവർത്തനം അവസാനിപ്പിക്കാനാകില്ല എന്നും എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. പണിമുടക്കിയത് കൊണ്ട് എന്ത് പ്രയോജനം എന്ന നിലയിൽ തൊഴിലാളികൾ ചിന്തിക്കുന്ന സാഹചര്യവും നിലവിലുണ്ട്. കാട്ടാക്കടയിൽ സി.ഐ.റ്റി.യു ജില്ലാ സമ്മേളനത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.