Tuesday, January 7, 2025
Kerala

എം.വി. ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെച്ചു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

എം.വി. ഗോവിന്ദൻ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. കത്ത് പ്രത്യേക ദൂതൻവഴി രാജ്ഭവനിലെത്തിക്കുകയായിരുന്നു. എം.വി.ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. പകരം സ്പീക്കർ എം.ബി.രാജേഷിനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുതിയ മന്ത്രിയായി നിശ്ചയിച്ചു. രാജേഷിന് പകരം തലശേരി എംഎൽഎ എ.എൻ. ഷംസീർ സ്പീക്കറാകും.

ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് എം.വി. ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന തീരുമാനം കൈക്കൊണ്ടത്. വാർത്ത സ്ഥിരീകരിച്ചു കൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാർത്താക്കുറിപ്പും പുറത്തു വന്നു. കോടിയേരി ബാലകൃഷ്ണൻ ആരോഗ്യകാരണങ്ങളെ തുടർന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതോടെയാണ് എം.വി.ഗോവിന്ദൻ സെക്രട്ടറിയായത്. ഓണത്തിന് മുൻപ് തന്നെ എം.ബി.രാജേഷിന്റെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം.

സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം.കെ.രമണിയുടെയും മകനായി 1971 മാർച്ച് 12നു പഞ്ചാബിലെ ജലന്തറിലാണ് എം.ബി. രാജേഷിന്റെ ജനനം. ഒറ്റപ്പാലം എൻഎസ്എസ് കോളജിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ പിജിയും ലോ അക്കാദമിയിൽനിന്നു നിയമ ബിരുദവും നേടി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *