Saturday, October 19, 2024
Kerala

ഇടുക്കി കാട്ടാന ശല്യം; ദുരിത കർമ്മസേന നിരീക്ഷണം തുടങ്ങി

ഇടുക്കിയിൽ കാട്ടാന ശല്യം രൂക്ഷമായ മേഖലകളിൽ ദുരിത കർമ്മസേന നിരീക്ഷണം തുടങ്ങി. അപകടകാരികളായ ആനകളുടെ വിവരശേഖരണമാണ് ആദ്യം നടത്തുക. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ പ്രശ്നബാധിത മേഖലകളിൽ സംഘം സന്ദർശനം നടത്തും.

ഇന്നലെയാണ് വയനാട്ടിൽ നിന്നുള്ള അഞ്ചംഗ സംഘം ഇവിടെ എത്തിയത്. ഇന്ന് അവർ പ്രശ്നബാധിത മേഖല സന്ദർശിച്ച ശേഷം ആനകളുടെ വിവരശേഖരണം നടത്തും. മൂന്ന് ആനകളാണ് നിലവിൽ ഈ മേഖലയിൽ അക്രമകാരികൾ ആയിട്ടുള്ളത്. ചക്ക കൊമ്പൻ, മൊട്ടവാലൻ, അരിക്കൊമ്പൻ. ഈ മൂന്ന് ആനകളുടെയും ശരീരഘടന അടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കും. തുടർന്ന് നാളെ മൂന്നാർ ഡിഎഫ്ഒ ഓഫീസിൽ ഒരു യോഗം ഉണ്ടായിരിക്കും. അതിനുശേഷം മാത്രമായിരിക്കും കൂടുതൽ നടപടികളിലേക്ക് സംഘം കടക്കുക.

ആനകളെ ഇവിടെ നിന്ന് മാറ്റേണ്ടതുണ്ടോ എന്നത് നിരീക്ഷിക്കുകയാണ് ഇവരുടെ ലക്ഷ്യം. അത്തരം ഒരു സാഹചര്യം ഉണ്ട് എന്ന് റിപ്പോർട്ട് നൽകിയാൽ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇങ്ങോട്ടേക്ക് എത്തും. തുടർന്ന് ഈ ആനകളെ മാറ്റാനുള്ള നടപടികൾ സ്വീകരിക്കുകയുമുള്ളൂ. അഞ്ചു ദിവസമായിരിക്കും സംഘം ഇവിടെ ഉണ്ടായിരിക്കുക. വിശദമായി തന്നെ അവർ കാര്യങ്ങൾ പരിശോധിക്കും. ഇതിനെ മയക്കുവെടി വയ്ക്കേണ്ട ഒരു സാഹചര്യമുണ്ടായാൽ എത്ര ദൂരം പോകാനുള്ള സാധ്യതയുണ്ട്, മയക്കുവെടി വെച്ചാൽ ആനയെ ലോറിയിൽ കയറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടാകുമോ, വണ്ടി ആനയുടെ അടുത്തേക്ക് കൊണ്ടു ചെല്ലാൻ പറ്റുമോ എന്നതടക്കമുള്ള വിശദമായ കാര്യങ്ങൾ അന്വേഷിക്കുകയാണ്.

Leave a Reply

Your email address will not be published.