പാലക്കാട്ടെ കാട്ടാന ശല്യം; കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബേ ധോണി സന്ദർശിക്കും
കാട്ടാന ശല്യം രൂക്ഷമായ പാലക്കാട് ധോണിയിൽ കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബേ സന്ദർശനം നടത്തും. പിടി സെവൻ ആക്രമണത്തിൽ മരിച്ച ശിവരാമന്റെ വീട് സന്ദർശിക്കും. നാടിനെ വിറപ്പിച്ച പി.ടി സെവനെ കൂട്ടിലാക്കിയെങ്കിലും പാലക്കാട് ധോണി നിവാസികൾക്ക് ആനപേടിയിൽ നിന്നും മുക്തിയില്ല. ഇന്നലെ രാത്രി ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. തെങ്ങുകളും നെൽകൃഷിയും നശിപ്പിച്ചു. ഒറ്റയാനെ തുരുത്തിയത് ആർആർടി എത്തിയാണ്.
ആനകൾ ജനവാസ മേഖലയിൽ എത്തുന്നത് തടയാൻ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.പി.ടി സെവനൊപ്പം നേരത്തെ ജനവാസമേഖലകളിലിറങ്ങിയ ആനയാണ് ഇന്നലെയുമെത്തിയതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഒറ്റയാനിറങ്ങിയത്. ജനവാസമേഖലയിലെത്തിയ ആന വീട്ടുപറമ്പിലെ തെങ്ങുകളും നെൽകൃഷിയും നശിപ്പിച്ചു.
നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ആർആർടി സംഘം സ്ഥലത്തെത്തിയാണ് ആനയെ തുരത്തിയത്. അതേസമയം കൂട്ടിലായ ധോണി എന്ന കൊമ്പനെ മെരുക്കി എടുക്കാനുള്ള പ്രവർത്തനങ്ങൾ ഒരാഴ്ചക്ക് ശേഷം തുടങ്ങും.