Monday, April 14, 2025
Kerala

ആലപ്പുഴ സിപിഐഎമിൽ വിഭാഗീയത അതിരൂക്ഷം

ആലപ്പുഴ സിപിഐഎമിലെ വിഭാഗീയത പരിഹരിക്കുന്നതിനായി ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും വാഗ്വാദം. സജി ചെറിയാൻ, ആർ നാസർ ഗ്രൂപ്പുകൾ തമ്മിൽ അവിടെ വാഗ്വാദം നടന്നു എന്നാണ് മനസ്സിലാക്കുന്നത്. പാർട്ടി വിഭാഗീയതയ്ക്ക് പിന്നിൽ ജില്ലാ സെക്രട്ടറിക്കും പങ്കുണ്ടെന്ന് സജി ചെറിയാൻ വിഭാഗം ആരോപിച്ചു. ഇന്നത്തെ ജില്ലാ കമ്മിറ്റി യോഗത്തിൽ വിഭാഗീയ പ്രശ്നങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് അറിയുന്നു.

ഇന്നലെ രാവിലെ പത്ത് മണിക്ക് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം അവസാനിച്ചത് രാത്രി എട്ടരയ്ക്കായിരുന്നു. പാർട്ടി കമ്മിറ്റികളിൽ നടക്കുന്ന ചർച്ചകൾ പുറത്തേക്ക് എത്തുന്നതിൽ ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ട്. ജില്ലാ സെക്രട്ടറി അത്തരം കാര്യങ്ങൾക്ക് എന്തുകൊണ്ട് കടിഞ്ഞാണിടുന്നില്ല? ഒരു കമ്മിറ്റിയിൽ നടക്കുന്ന കാര്യങ്ങൾ പുറത്തേക്ക് അറിയുന്നു. ഏകപക്ഷീയമായി ഒരു വിഭാഗത്തിന് വേണ്ടിയിട്ട് ജില്ലാ സെക്രട്ടറി നിൽക്കുന്നു തുടങ്ങിയ വിമർശനങ്ങളാണ് സജി ചെറിയാൻ വിഭാഗം ഉയർത്തിയത്.

ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത് ഈ രണ്ട് ഏരിയ കമ്മിറ്റികൾ പിരിച്ചുവിടണമെന്ന നിർദ്ദേശം കൂടി ഉയർന്നു. നാല് ഏരിയ കമ്മിറ്റികൾക്കെതിരെ വലിയ പരാതി ഉണ്ടായിരുന്നു. കഴിഞ്ഞ ഏരിയ സമ്മേളന കാലയളവിൽ ആലപ്പുഴ നോർത്ത്, ആലപ്പുഴ സൗത്ത്, തകഴി, ഹരിപ്പാട് ഈ നാല് ഏരിയ കമ്മിറ്റികളിൽ വലിയ വിഭാഗീയ പ്രവർത്തനം നടന്നുവെന്ന കണ്ടെത്തൽ പുതിയ പാർട്ടി കമ്മീഷനുണ്ട്. അതിൽ എന്താണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾക്കുള്ള അഭിപ്രായം എന്ന് ഇന്നലെ ആരാഞ്ഞു.

ഈ രണ്ട് കമ്മിറ്റികളും രണ്ട് വിഭാഗങ്ങളുടെയാണ്. അതുകൊണ്ടുതന്നെ പിരിച്ചുവിടുന്നതിൽ വലിയ തർക്കമുണ്ടായി. ഇന്ന് ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഈ ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്നും അഭിപ്രായം ആരായും.

Leave a Reply

Your email address will not be published. Required fields are marked *