ഫോർട്ട് കൊച്ചി ബീച്ചിലെ നിരീക്ഷണ ക്യാമറകൾ തകർന്ന നിലയിൽ; സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമെന്ന് ആക്ഷേപം
ശല്യം രൂക്ഷമെന്ന് ആക്ഷേപം. ബീച്ചിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ തകർന്ന നിലയിൽ. വിനോദ സഞ്ചാരികൾ ഉൾപ്പെടെ എത്തുന്ന മേഖലകളിൽ സുരക്ഷയുടെ ഭാഗമായാണ് ക്യാമറകൾ സ്ഥാപിച്ചത്.
ഫോർട്ട് കൊച്ചിയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് നിരീക്ഷണ ക്യാമറകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. ഫോർട്ട് കൊച്ചി സൗത്ത് കടപ്പുറത്തും ബോയിലറിന് സമീപത്തും മൂന്ന് വീതം ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. ഒരു ക്യാമറയ്ക്ക് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് മുടക്ക്. രണ്ട് മാസം മുമ്പാണ് 8 ലക്ഷം രൂപ ചിലവിൽ 6 ക്യാമറകൾ സ്ഥാപിച്ചത്.
ബീച്ചിലെ വഴി വിളക്കുകൾ നശിപ്പിക്കുകയും മോഷണം, സാമൂഹ്യവിരുദ്ധരുടെ ശല്യം എന്നിവ തുടർക്കഥയാവുകയും ചെയ്തതോടെയാണ് ക്യാമറകൾ സ്ഥാപിച്ചത്. ഓണം അടുത്തതോടെ ശനി, ഞായർ ദിവസങ്ങളിൽ ഫോർട്ട് കൊച്ചിയിൽ എത്തുന്നവരുടെ എണ്ണവും ഗണ്യമായി വർധിച്ചിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തുന്നതിനൊപ്പം രാത്രികാല പൊലീസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്തമാണ്.