Monday, January 6, 2025
Kerala

മഗ്‌സസെ ആരാണെന്നറിയാമോ; അവാർഡ് നൽകി കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാൻ ശ്രമിക്കണ്ടെന്ന് എം.വി.​ഗോവിന്ദൻ

ലോകത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു റൊമൺ മാഗ്സസെ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. മാഗ്സസെയുടെ പേരിലുള്ള അവാർഡ് നൽകി പാർട്ടി കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാൻ ശ്രമിക്കണ്ട എന്നാണ് പാർട്ടി തീരുമാനം

വാങ്ങുന്നത് ശരിയല്ലെന്ന് കെ.കെ.ശൈലജയെ ഉപദേശിച്ചത് അതുകൊണ്ടാണ്. അത് അവർ കൃത്യമായി മനസിലാക്കി നിലപാട് സ്വീകരിച്ചുവെന്നും എം.വി.ഗോവിന്ദൻ പറ‍ഞ്ഞു.

കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയില്‍ സിപിഐഎം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് പുരസ്‌കാരം നിരസിച്ചതെന്ന് കെ.കെ.ശൈലജ പറഞ്ഞു. പരിശോധിച്ചപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതുവരെ ഇങ്ങനെ ഒരു പുരസ്‌കാരം ലഭിച്ചിട്ടില്ലെന്ന് കണ്ടു. അവാര്‍ഡ് കമ്മിറ്റിയോട് നന്ദി പറഞ്ഞുകൊണ്ട് പുരസ്‌കാരം വ്യക്തിപരമായി സ്വീകരിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്ന് അറിയിച്ചുവെന്നും ശൈലജ അറിയിച്ചു.

എന്നാല്‍, ജ്യോതി ബസു പ്രധാനമന്ത്രിപദം നിരസിച്ചതുമായി ഇതിനെ താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. പാര്‍ട്ടി എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് മാത്രമാണ് തീരുമാനിക്കുന്നത്. ഇത് വ്യക്തപരമായ കാര്യമല്ല. കേരളത്തിലെ ആരോഗ്യരംഗത്ത് ഗവണ്‍മെന്റ് എന്നനിലയില്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ആ കൂട്ടത്തില്‍ കൊവിഡ്, നിപ പ്രതിരോധങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങള്‍കൂടി പരിഗണിച്ചതായാണ് അവാര്‍ഡ് കമ്മിറ്റി അറിയിച്ചതെന്നും കെ.കെ.ശൈലജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *