ബലാത്സംഗ പരാതിയിൽ പൊലീസ് നിഷ്‌ക്രിയത്വം തുടർന്നു, ഇര സ്വയം തീകൊളുത്തി
ബലാത്സംഗ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് പരാതിക്കാരി സ്വയം തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ 26 കാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൃത്യവിലോപം നടത്തിയ രണ്ട് പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചു. മധ്യപ്രദേശിലെ ഷാഹ്‌ദോലിൽ അമലൈ പൊലീസ് സ്‌റ്റേഷൻ വളപ്പിലാണ് സംഭവം.
അമലൈ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് മുഹമ്മദ് സമീർ, സബ് ഇൻസ്‌പെക്ടർ സാവിത്രി സിംഗ് എന്നിവർക്കെതിരെയാണ് നടപടി. ഇരുവരെയും ഫീൽഡ് ചുമതലകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് കുമാർ പ്രതീക് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ ഉദ്യോഗസ്ഥനായ ബ്രിജ് ബഹാദൂറിനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ച് ഓഗസ്റ്റ് 12ന് യുവതി പരാതി നൽകിയിരുന്നു. എന്നാൽ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നില്ല. യുവതി പിന്നീട് മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിലും പരാതിപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് ഇരയേയും പ്രതിയേയും സെപ്റ്റംബർ 2ന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എന്നാൽ പ്രതിയുടെ പക്ഷം ചേർന്ന് ഉദ്യോഗസ്ഥർ സംസാരിച്ചതോടെ ഇര സ്വയം തീകൊളുത്തുകയായിരുന്നു.