കേരളത്തിൽ ഒന്നും നടക്കില്ലെന്ന് പ്രചരിപ്പിക്കുന്നവർ വിക്രാന്തിനെ കാണണം; മന്ത്രി പി. രാജീവ്
കേരളത്തിൽ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവർ രാജ്യത്തിൻ്റെ അഭിമാനമായ വിക്രാന്തിനെ കാണണമെന്ന് മന്ത്രി പി. രാജീവ്. ഇക്കാര്യത്തിൽ ഓരോ മലയാളിക്കും അഭിമാനിക്കാം. മൂവായിരത്തിലധികം തൊഴിലാളികളാണ് നിർമ്മാണത്തിൽ നേരിട്ട് പങ്കാളികളായത്. ഒരു സെക്കൻ്റ് പോലും പണിമുടങ്ങാതെ ഈ അഭിമാന പദ്ധതി വിജയിപ്പിക്കാൻ ട്രേഡ് യൂണിയനുകൾ നിതാന്ത ജാഗ്രത പുലർത്തി. സ്ഥിരം തൊഴിലാളികൾക്ക് സി.ഐ.ടി.യുവും ഐ.എൻ.ടി.യു.സിയും ബി.എം.എസ്സും ഉൾപ്പെടെയുള്ള യൂണിയനുകളുണ്ട്. കോൺട്രാക്ട് തൊഴിലാളികൾ സി.ഐ.ടി.യു യൂണിയനിലാണ്. കേരളത്തിന് ഒന്നും അസാധ്യമല്ലെന്ന് വ്യക്തമാക്കുകയാണ് വിക്രാന്തിൻ്റെ നിർമ്മാണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.