ബ്രിട്ടനെ പിന്നിലാക്കി, ലോകത്തെ വൻസാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാമത്
ബ്രിട്ടനെ പിന്നിലാക്കിക്കൊണ്ട് ലോകത്തെ വൻസാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാമതെത്തി. അമേരിക്ക, ചൈന, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങളാണ് ഒന്നു മുതൽ നാലുവരെ സ്ഥാനങ്ങളിലുള്ളത്. ഡോളർ ആധാരമാക്കി തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ബ്രിട്ടൻ ആറാം സ്ഥാനത്താണ്. പണപ്പെരുപ്പം കാരണം വിമർശനമേറ്റുവാങ്ങുന്ന ബ്രിട്ടീഷ് സർക്കാറിന് വലിയ തിരിച്ചടിയാണിത്. ഇന്ത്യ ഈ പട്ടികയിൽ 10 വർഷം മുൻപ് 11-ാം സ്ഥാനത്തായിരുന്നു. അന്ന് ബ്രിട്ടൻ അഞ്ചാമതായിരുന്നു. ജീവിതച്ചെലവ് ക്രമാതീതമായി ഉയർന്നതാണ് ബ്രിട്ടനെ പ്രതിസന്ധിയിലാക്കിയത്.
2021ലെ അവസാന മൂന്നുമാസങ്ങളിലെ പ്രകടനവും പട്ടികയിൽ മുന്നിലെത്താൻ ഇന്ത്യക്ക് തുണയായി. അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകൾ പ്രകാരം ആദ്യ പാദത്തിൽ രാജ്യം ലീഡ് ഉയർത്തുകയായിരുന്നു. നടപ്പു സാമ്പത്തികവർഷം ഇന്ത്യ ഏഴു ശതമാനത്തിലേറെ വളർച്ച കൈവരിക്കുമെന്നാണ് പ്രവചനം. ഓഹരിസൂചികകളിലുണ്ടായ മുന്നേറ്റം ഇന്ത്യക്ക് ഗുണമാവും.
മാർച്ച് വരെയുള്ള പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം 854.7 ബില്യൺ ഡോളറാണ്. ഇതേസമയം, യുകെയുടെത് 816 ബില്യൺ ഡോളറിൽ തുടരുകയാണ്.
ബോറിസ് ജോൺസണിന്റെ പിൻഗാമിയായി വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പ്രധാനമന്ത്രിയാകാനിരിക്കെയാണ് പുതിയ കണക്കുകൾ എന്ന പ്രത്യേകതയുണ്ട്. ലിസ് ട്രെസിനെ തിങ്കളാഴ്ചയാണ് കൺസർവേറ്റീവുകൾ നാമനിർദ്ദേശം ചെയ്യുക. പ്രധാനമന്ത്രി പദത്തിലേയ്ക്കുള്ള റേസിൽ മുൻ ചാൻസലർ റിഷി സുനക്കിനെതിരെ വ്യക്തമായ മുൻതൂക്കം നേടാൻ ലിസ് ട്രസിനായിരുന്നു.