യുവതലമുറയെ കേരളത്തില്‍ തന്നെ നിലനിര്‍ത്തണമെന്ന് ധനമന്ത്രി; ഐടി പാര്‍ക്കുകളിലേക്ക് കണ്ണ് നട്ട് സംസ്ഥാനം
കേരളത്തിലെ യുവതലമുറയെ രാജ്യം വിട്ട് പോകാതെ കേരളത്തില്‍ തന്നെ നിലനിര്‍ത്താന്‍ കഴിയണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മികച്ച തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെട്ട ജീവിതാന്തരീക്ഷവും നല്‍കിയാല്‍ ഏറ്റവും കൂടുതല്‍ പേര്‍ ജീവിക്കാന്‍ തെരഞ്ഞെടുക്കുന്ന നാടായി കേരളം മാറുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ഒരു വര്‍ഷം ഒരു വിദ്യാര്‍ത്ഥിക്ക് വേണ്ടി സര്‍ക്കാര്‍ നീക്കിവയ്ക്കുന്നത് ഏകദേശം 50000 രൂപയാണ്. ഇതിന്‍രെ ഇരട്ടിയാണ് ഉന്നത വിദ്യാഭ്യാസ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവയ്ക്കുന്നത്. ഇത്തരത്തില്‍ വലിയ നിക്ഷേപം നടത്തി സര്‍ക്കാര്‍ വിദ്യാഭ്യാസം നല്‍കുന്ന യുവതലമുറയെ പരമാവധി കേരളത്തില്‍ തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കണം. അതിനായി തൊഴിലൊരുക്കാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കണം. ആധുനിക തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരെ പുറത്ത് നിന്ന് സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയണം.
വര്‍ഷം മുഴുവന്‍ അനുകൂല കാലാവസ്ഥയുള്ള നാടാണ് കേരളം. മെച്ചപ്പെട്ട തൊഴിലവസരങ്ങളും ജീവിത സാഹചര്യങ്ങളും നല്‍കി കേരളത്തിലെ യുവതലമുറയെ നമ്മുടെ നാട്ടില്‍ തന്നെ നിലനിര്‍ത്തണം. ഇത്തരം മുന്‍ഗണനകളെയാണ് നവകേരളം ലക്ഷ്യം വയ്ക്കുന്നത്. 2023 മെയ് മാസത്തോടെ സംസ്ഥാനത്ത് ഡിജിറ്റല്‍ സയന്‍സ് പാര്‍ക് ലാഭിക്കും. ഐടി രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പുതിയ പാര്‍ക്കുകള്‍ക്കുള്ള സ്ഥലം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. കണ്ണൂര്‍ ഐടി പാര്‍ക്കിന്റെ നിര്‍മാണം ഈ വര്‍ഷം തന്നെ ആരംഭിക്കും’. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.