അണ്ണാ ഡിഎംകെ നേതൃത്വ തർക്കം; കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും
അണ്ണാ ഡിഎംകെ നേതൃത്വ തർക്കവുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ വർഷം ജൂലൈ 11ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിനെതിരെ ഒ പനീർശെൽവം വിഭാഗം നൽകിയ ഹർജിയാണ് പരിഗണിയ്ക്കുക.
ഈ യോഗത്തിലാണ് എടപ്പാടി പഴനിസ്വാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ജയലളിതയുടെ മരണ ശേഷം, ജനറൽ സെക്രട്ടറി സ്ഥാനം ഒഴിവാക്കി, കോ ഓർഡിനേറ്റർ, ഡെപ്യൂട്ടി കോ ഓർഡിനേറ്റർ എന്ന പദവികൾ നിലനിർത്തിയായിരുന്നു നേരത്തെ, പാർട്ടി ബൈലോയിൽ മാറ്റങ്ങൾ വരുത്തിയത്. ഇത് തിരുത്തി ജനറൽ സെക്രട്ടറി സ്ഥാനം തിരിച്ചുകൊണ്ടു വന്ന്, പഴനിസാമി വിഭാഗം നടത്തിയ ജനറൽ കൗൺസിലിന് സാധുതയില്ലെന്നാണ് ഒപിഎസ് വിഭാഗം വാദിക്കുന്നത്.
മദ്രാസ് ഹൈക്കോടതി ഇപിഎസ് വിഭാഗത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഒപിഎസ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്. കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ജൂലൈ 11ലെ ജനറൽ കൗൺസിൽ യോഗ തീരുമാനങ്ങൾ അംഗീകരിയ്ക്കാൻ സാധിയ്ക്കില്ലെന്ന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.