Monday, January 6, 2025
Kerala

ബ്രഹ്മപുരത്ത് അട്ടിമറി നടന്നിട്ടില്ല; മാലിന്യക്കൂമ്പാരത്തിന് സ്വയം തീപിടിച്ചതാകാമെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

കൊച്ചി ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് സ്വയം തീ പിടിച്ചത് ആവാമെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. മാലിന്യ നിക്ഷേപത്തിലെ രാസ വസ്തുക്കള്‍ തീ പിടിക്കാന്‍ കാരണമായെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടിലെ വിശദീകരണം. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളില്‍ വലിയ രീതിയില്‍ രാസ മാറ്റം ഉണ്ടാകും. തീ പടരാന്‍ സാധ്യത ഉള്ള വസ്തുക്കള്‍ അവയില്‍ നിന്ന് ഉണ്ടാകുകയും ചെയ്യും. തീ മാലിന്യ കൂമ്പാരത്തിന്റെ അടിത്തട്ടില്‍ നിന്നെന്നും ഫോറെന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രഹ്മപുരം തീപിടുത്തത്തില്‍ അട്ടിമറിയില്ലെന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുന്നത്. അഞ്ച് ഇടങ്ങളില്‍ നിന്നുള്ള സാമ്പിളുകളില്‍ തൃശൂരിലെ ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരുന്നു. ഇതാണ് വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയത്.

ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായതിന്റെ ആദ്യ ഘട്ടത്തില്‍ ആരെങ്കിലും മാലിന്യക്കൂമ്പാരത്തിന് മനപൂര്‍വം തീയിട്ടതാണോ എന്നത് ഉള്‍പ്പെടെയുള്ള സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം സംശയങ്ങള്‍ നിലനില്‍ക്കില്ലെന്ന തരത്തിലാണ് ഫൊറന്‍സിക് പരിശോധനാ ഫലം പുറത്തെത്തിയിരിക്കുന്നത്. തീപിടുത്തവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണവും പുരോഗമിക്കുകയാണ്.

എന്നാല്‍ ബ്രഹ്മപുരം തീപിടുത്തത്തില്‍ കരാറുകാരനെ രക്ഷിക്കാനുള്ള നിലപാടാണിതെന്നും കരാറുകാരന് മുഖ്യമന്ത്രി തന്നെ ക്ലീന്‍ ചിറ്റ് നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഫോറെന്‍സിക് റിപ്പോര്‍ട്ടിന്റെ ആധികാരികത പരിശോധിക്കണമെന്ന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിയും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *