നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ നിര്‍ണായക ഫൊറന്‍സിക് ഫലം പുറത്ത്
നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക മെമ്മറി കാര്‍ഡ് മൂന്ന് തവണ പരിശോധിച്ചെന്ന് ഫൊറന്‍സിക് ഫലം. 2021 ജൂലൈ 19ന് 12.19 മുതല്‍ 12.54 വരെ വിവോ ഫോണില്‍ മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്‌തെന്നാണ് ഫൊറന്‍സിക് കണ്ടെത്തുന്നത്. വിവോ ഫോണില്‍ കാര്‍ഡിട്ട് വാട്‌സ്ആപ്പും ടെലിഗ്രാമും ഓപ്പറേറ്റ് ചെയ്‌തെന്ന് എഫ്എസ്എല്‍ ഫലം വ്യക്തമാക്കുന്നു.
വിചാരണ കോടതിയിലിരിക്കെയാണ് മെമ്മറി കാര്‍ഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പരിശോധിച്ചത്. ഹാഷ് വാല്യു മാറിയതിന് പ്രതിഭാഗം നല്‍കുന്ന വിശദീകരണം, മെമ്മറി കാര്‍ഡ് വെറുതെ തുറന്നുനോക്കിയാലും ഹാഷ് വാല്യു മാറുമെന്നാണ്. എന്നാല്‍ കേവലം തുറന്നുപരിശോധിച്ചാല്‍ ഹാഷ് വാല്യു മാറില്ലെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യുകയോ രേഖകള്‍ മുഴുവനായി മാറ്റപ്പെടുകയോ ചെയ്താല്‍ മാത്രമേ ഹാഷ് വാല്യു മാറുകയുള്ളൂ എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, വെറുതെ തുറന്നുപരിശോധിച്ചതാണെങ്കില്‍ പോലും അത് നിയമവിരുദ്ധമാണെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. ഇങ്ങനെ തുറന്നുപരിശോധിച്ചതിന് കോടതികളില്‍ രേഖയില്ല. അതുകൊണ്ട് തന്നെ ഇത് നിയമവിരുദ്ധമാണെന്നാണ് വാദം.
അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനായി അഡീഷണല്‍ എസിപി സുരേഷിനെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷമേ കേസെടുക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്.
മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫാണ് ആര്‍.ശ്രീലേഖയ്‌ക്കെതിരെ പരാതി നല്‍കിയത്. പള്‍സര്‍ സുനിക്കെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല. ഇത് ഗുരുതര തെറ്റാണെന്നും കുസുമം പരാതിയില്‍ ഉന്നയിക്കുന്നു.