ബീഹാറിലെ നളന്ദയിൽ സംഘർഷം; 14 പേർക്ക് പരിക്ക്, അന്വേഷണം സിഐഡി സംഘത്തിന്
ബീഹാറിലെ നളന്ദയിൽ വിഭാഗങ്ങൾ തമ്മിൽ സംഘർഷം. 14 പേർക്ക് പരിക്കേറ്റു. രാമനവമി ഘോഷയാത്രയോട് അനുബന്ധിച്ചാണ് ബിഹാറിലെ നളന്ദയിൽ സംഘർഷം ഉണ്ടായത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാളിലെ ഹൗറയിൽ തുടർച്ചയായി രണ്ടു ദിവസം ഉണ്ടായ സംഘർഷങ്ങളുടെ അന്വേഷണം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) ഏറ്റെടുത്തു. അന്വേഷണസംഘം പ്രദേശം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. ബംഗാൾ സംഘർഷത്തിൽ ഗവർണർ സി വി ആനന്ദബോസ് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും. ഇന്നലെ വൈകിട്ടാണ് അന്വേഷണം സിഐഡി സംഘത്തിന് കൈമാറിയത്.
ഐജി സുനിൽ ചൗധരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഹൗറയിലെ സംഘർഷ മേഖലകൾ സന്ദർശിച്ച് പ്രാഥമിക തെളിവെടുപ്പ് നടത്തി. സംഘർഷപ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
ഗവർണർ സി വി ആനന്ദ ബോസ്, മേഖല സന്ദർശിച്ച റിപ്പോർട്ട് തയ്യാറാക്കി ആഭ്യന്തരമന്ത്രാലയത്തിന് കൈമാറും. കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി അമിത് ഷാ ഗവർണറുമായി സംസാരിച്ച് സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. ആസൂത്രിതമായ ആക്രമണമാണ് ഹൗറയിൽ ഉണ്ടായതെന്നും അക്രമികൾ തോക്കുകളും പെട്രോൾ ബോംബുകളും കരുതിയിരുന്നുവെന്നും മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചിരുന്നു.