നൂറ്റാണ്ടിന്റെ ആചാര്യൻ പി. കെ. വാര്യറിന് സ്‌നേഹാശംസകൾ നേർന്ന് ഡോ:ആസാദ് മൂപ്പന്‍
കോഴിക്കോട്: ആയുസ്സിന്റെ വേദമായ ആയുര്‍വേദത്തിന്റെ ജീവിച്ചിരിക്കുന്ന ആചാര്യനെന്ന പദവിക്ക് എന്തുകൊണ്ടും അര്‍ഹനാണ് നൂറാം ജന്മദിനത്തിന്റെ നിറവിലെത്തി നില്‍ക്കുന്ന പി. കെ. വാര്യര്‍. കര്‍മ്മം എന്നത് പ്രവര്‍ത്തി മാത്രമല്ല, ജീവിതചര്യകൂടിയാണ് എന്ന് സ്വയം മാതൃകയായി നമുക്ക് മുന്‍പില്‍ തുറന്ന് കാണിച്ച അസാമാന്യ വ്യക്തിത്വമാണദ്ദേഹം. തൊട്ടടുത്ത നാട്ടുകാര്‍ കൂടിയായതിനാലായിരിക്കണം ചെറുപ്പം മുതലേ അദ്ദേഹത്തെ അറിയാനും പിന്നീട് അടുത്തറിയാനും സാധിച്ചിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വ്വേദവും വിഭിന്നങ്ങളായ ആശയഗതികളെ പ്രതിനിധാനം ചെയ്യുന്നു എന്ന് വാദിക്കുന്നവരില്‍ നിന്ന് മാറിചിന്തിക്കുവാനും ആയുര്‍വേദവും ആധുനിക വൈദ്യശാസ്ത്രവും പരസ്പര പൂരകങ്ങളാണ് എന്ന് വിശ്വസിക്കുവാനും എന്നെ പ്രേരിപ്പിച്ചതും ഒരു പക്ഷെ പി. കെ. വാര്യര്‍ എന്ന ഈ അതുല്യപ്രതിഭയോടുള്ള അടുപ്പമോ ആദരവോ ആയിരിക്കാനിടയുണ്ട്. ഇതിലെല്ലാം നല്ലവശങ്ങളും വളരെ നല്ല ചികിത്സാരിതികളും ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.
എല്ലാ ചികിത്സാ മേഖലകളും ആത്യന്തികമായി മനുഷ്യന്റെ ആരോഗ്യവും നന്മയും പ്രദാനം ചെയ്യാനായി നിലനില്‍ക്കുന്നവയാണെന്നാണ് എന്റെ വിശ്വാസം. ശ്രീ. പി. കെ. വാര്യരുടെ നിലപാടും വ്യത്യാസമുള്ളതല്ല എന്ന് മനസ്സിലാക്കാന്‍ പല അവസരങ്ങളിലായി സാധിച്ചിട്ടുണ്ട്. ആര്യവൈദ്യശാലയുടെ ആസ്ഥാനമായ കോട്ടക്കലില്‍ ഞങ്ങളുടെ ഹോസ്പിറ്റല്‍ സ്ഥാപിക്കാന്‍ സാധിച്ചതിനാല്‍ പരസ്പര സഹകരണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആധികാരികതയോടെ മുന്‍പിലേക്ക് കൊണ്ടുപോകുവാന്‍ സാധിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ നിന്ന് ഞങ്ങളുടെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന ധാരാളം രോഗികള്‍ക്ക് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയൊരുക്കാനും പി കെ വാര്യരുടെയും അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെയും കൈപ്പുണ്യം അനുഭവിക്കാനുമുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. സ്വന്തം രാജ്യത്ത് തിരികെയെത്തിയ ശേഷവും ഇവരില്‍ മഹാഭൂരിപക്ഷം പേരും ഞങ്ങളിലൂടെ ആര്യവൈദ്യശാലയില്‍ നിന്ന് അനുഭവിക്കാന്‍ സാധിച്ച അസുലഭമായ ചികിത്സാനുഭവങ്ങളെക്കുറിച്ച് പലതവണ വാചാലരാവുന്നത് അനുഭവിക്കാനും സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ തിരിച്ചും ആര്യവൈദ്യശാലയിലെത്തുന്ന എത്രയോ രോഗികള്‍ ഞങ്ങളുടെ അരികിലും ചികിത്സ തേടിയെത്താറുണ്ട്. പരസ്പരം ഒരിക്കലും നിഷേധിക്കുകയോ, നിരുത്സാഹപ്പെടുത്തുകയോ, തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യാറില്ല എന്നതാണ് ഈ ആത്മബന്ധത്തെ ദൃഢപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട കണ്ണി എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
വ്യക്തിപരമായും എനിക്ക് ഒട്ടനവധി നല്ല ഓര്‍മ്മകളും അനുഭവങ്ങളും . പി. കെ. വാര്യരുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്. എന്റെ മാതാവിന് തൊലിപ്പുറത്തെ ബാധിക്കുന്ന ഒരസുഖം വന്നകാലത്ത് പല ചികിത്സകളും പരീക്ഷിച്ചിട്ടും പൂര്‍ണ്ണമായ ഫലം ലഭിക്കാതെ വന്നപ്പോഴാണ് പി. കെ വാര്യരുടെ അരികില്‍ ചികിത്സ തേടിയെത്തിയത്. അദ്ദേഹം നിശ്ചയിച്ച ചികിത്സ ഒരു മാസം പൂര്‍ത്തിയാക്കുമ്പോഴേക്കും തന്നെ അസുഖം ഏതാണ്ട് പൂര്‍ണ്ണമായും തന്നെ മാറിയിരുന്നു. പിന്നീടത് തിരികെ വന്നില്ല എന്നതും എടുത്ത് പറയേണ്ടതാണ്. പാരമ്പര്യത്തിന്റെതായിരിക്കണം പിന്നീട് എന്റെ മകള്‍ക്ക് ഇതേ അസുഖം വന്നപ്പോള്‍ അവളും സ്വീകരിച്ചത് പി. കെ. വാര്യരുടെ ചികിത്സ തന്നെയായിരുന്നു. തൊണ്ണൂറ്റിയേഴാമത്തെ വയസ്സില്‍ അദ്ദേഹത്തിന്റെ ചികിത്സാവിധികളിലൂടെ അവളും പൂര്‍ണ്ണമായി രോഗവിമുക്തി നേടുകയും ചെയ്തു.
പലയിടങ്ങളിലും ആയുര്‍വേദം എന്നത് സുഖചികിത്സ എന്ന കാഴ്ചപ്പാടിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. എന്നാല്‍ രോഗചികിത്സ എന്ന കാഴ്ചപ്പാടില്‍ ഇന്നും അടിയുറച്ച് നില്‍ക്കുകയും അതിന്റെ വ്യാപനത്തിനായി പരിശ്രമിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് കോട്ടക്കല്‍ ആര്യവൈദ്യശാല. ഇതിന്റെ നേതൃസ്ഥാനം പതിറ്റാണ്ടുകളായി വഹിച്ചുകൊണ്ടിരിക്കുന്നതും പി. കെ. വാര്യര്‍ തന്നെയാണ്. പലതവണയായുള്ള സംഭാഷങ്ങള്‍ക്കിടയിലും അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചപ്പാടായി ഞാന്‍ മനസ്സിലാക്കിയത് മനുഷ്യന്റെ അസുഖങ്ങള്‍ക്കുള്ള പ്രധാന കാരണം ‘ഉദര നിമിത്തം’ ആണ് എന്നതാണ്. ഭക്ഷണകാര്യത്തില്‍ ശ്രദ്ധപുലര്‍ത്തിയാല്‍ തന്നെ പരമവാധി അസുഖങ്ങളെ മറികടക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ബാക്കി കാര്യങ്ങള്‍ ദിനചര്യകളിലൂടെയും അതിജീവിക്കാന്‍ സാധിക്കും. ഇത് അദ്ദേഹം വെറുതെ പറയുന്നതല്ല, തന്റെ ജീവിതത്തിലൂടെ തന്നെ നമുക്ക് മുന്‍പില്‍ കാണിച്ച് തരുകയും ചെയ്യുന്നു. സ്വയം മാതൃകയാകുന്ന ആ ജീവിതത്തെ അനുകരിക്കണം എന്ന് തോന്നുന്നത് സ്വാഭാവികം മാത്രമാണല്ലോ.
കോട്ടക്കല്‍ മിംസിന്റെ ഉദ്ഘാടനം ബഹു. മുന്‍രാഷ്ട്രപതി ശ്രീ എ പി ജെ അബ്ദുള്‍ കലാം നിര്‍വ്വഹിക്കുന്ന വേദിയില്‍ മുഖ്യ ആശംസാ പ്രാസംഗികനായുണ്ടായിരുന്നത് ശ്രീ. പി. കെ. വാര്യരായിരുന്നു. പിന്നീട് ഞങ്ങളുടെ ഓരോ പ്രധാനപ്പെട്ട ചടങ്ങുകളിലും പിന്നിടുന്ന നാഴികക്കല്ലുകളിലും സ്‌നേഹ സാന്നിദ്ധ്യമായി അദ്ദേഹമുണ്ടായിരുന്നു. ഇനിയും ഒരുപാട് കാലം ആ സ്‌നേഹസാന്നിദ്ധ്യം ആയുരാരോഗ്യ സൗഖ്യങ്ങളോടെ നമുക്കൊപ്പമുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഭൂമിയിലെ അനുഗ്രഹ സാന്നിദ്ധ്യത്തിന് നൂറ് വയസ്സ് പൂര്‍ത്തിയാകുന്ന ഈ അവസരത്തില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.