Thursday, April 10, 2025
National

കൊവിഡിന്‍റെ പേരിൽ കർഫ്യൂ അനന്തമായി നീട്ടിയതോടെ പട്ടിണിയിലേക്ക് നീങ്ങുകയാണ് ദ്വീപ് നിവാസികൾ

 

ലക്ഷദ്വീപിൽ കൊവിഡിന്‍റെ പേരിൽ കർഫ്യൂ അനന്തമായി നീട്ടിയതോടെ പട്ടിണിയിലേക്ക് നീങ്ങുകയാണ് ദ്വീപ് നിവാസികൾ. 40 ദിവസമായി തൊഴിലൊന്നുമില്ലാതെയിരുന്ന ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളടക്കം എത്തിക്കാൻ ഒരു നടപടിയും ഭരണകൂടം സ്വീകരിച്ചില്ല. പ്രശ്നം ചർച്ച ചെയ്യാൻ ജില്ലാ പഞ്ചായത്ത് ഇന്ന് യോഗം ചേരും. അടിയന്തര നടപടി ആവശ്യപ്പെട്ട് ദ്വീപ് നിവാസികൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.

കൊവിഡ് മഹാമാരി പടർന്ന് പിടിച്ചതോടെയാണ് കഴിഞ്ഞ മാസം 29 ന് മൂന്ന് ദ്വിപിൽ സമ്പൂർണ്ണ കർഫ്യൂവും, മറ്റ് ദ്വീപുകളിൽ ലോക് ഡൗണും പ്രഖ്യാപിക്കുന്നത്. അന്ന് 14 ദ്വീപ് സമൂഹത്തിലുമായി കൊവിഡ് കേസ് 2000 മുകളിലായിരുന്നു. ഇന്നലെ അത് 1000 ലേക്ക് താഴ്ന്നു. എന്നാൽ ഭരണകൂടം കർഫ്യൂ മുഴുവൻ ദ്വീപികുളിലേക്കും വ്യാപിപ്പിക്കുകയാണ് ചെയ്തത്. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ കർഫ്യൂ നീട്ടിയതോടെ ജനം ദുരിതത്തിലായി.

ഏഴുപതിനായിരത്തോളം വരുന്ന ദ്വീപ് ജനതയിൽ 80 ശതമാനവും മത്സ്യ, കയർമേഖലയിൽ ജോലി ചെയ്ത് അന്നന്നത്തെ കൂലിയ്ക്ക് ജീവിക്കുന്നവരാണ്. ഇത്തരം കുടുംബങ്ങളിലാണ് പട്ടിണിയേറെ. ഏതാണ്ട് 20,000 ആളുകൾക്ക് കടുത്ത പ്രതിസന്ധിയുണ്ടെന്നാണ് ദ്വീപ് ജനത പറയുന്നത്. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിച്ച ഭരണകൂടം നാളിതുവരെ ജനം എങ്ങനെ ജീവിക്കുന്നുവെന്ന് തിരിഞ്ഞ് നോക്കിയിട്ടില്ല.

അതേസമയം, ലക്ഷദ്വീപ് വിഷയത്തിൽ കോടതി ഇടപെടലാവശ്യപ്പെട്ട് ദ്വീപിലെ റാവുത്തർ ഫെഡറേഷൻ എന്ന സംഘടന നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭരണകൂടം ഇറക്കിയ വിവിധ നിയമങ്ങളുടെ കരടിന്മേൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകാൻ കൂടുതൽ സാവകാശം വേണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഹർജിയിൽ ലക്ഷ് ദ്വീപ് ഭരണകൂടം ഇന്ന് കോടതിയെ നിലപാട് അറിയിക്കും. ലക്ഷദ്വീപിൽ അടുത്ത ഘട്ട സമര പരിപാടികൾ തീരുമാനിക്കാനായി കോർ കമ്മിറ്റി യോഗം ഉടൻ ചേരും.

ദ്വീപിൽ നടന്ന 12 മണിക്കൂർ നിരാഹാര സമരത്തിന് ദേശീയ ശ്രദ്ധ നേടാനായെന്ന് സേവ് ലക്ഷദ്വീപ് ഫോറം വിലയിരുത്തി. ഹൈക്കോടതിയിൽ നിയമ പോരാട്ടങ്ങൾ നടത്തുന്നതിന് നിയമ വിദഗ്ധർ അടങ്ങിയ വിപുലമായ കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. കേരളത്തിലടക്കമുള്ള എംപിമാരുടെ പിന്തുണയോടെ ദില്ലിയിൽ പ്രതിഷേധ പരിപാടികൾ നടത്താനും ആലോചനയുണ്ട്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും ശ്രമം നടത്തും. നേരത്തെ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതിഷേധങ്ങൾ ശക്തമായതോടെ യാത്ര ഉപേക്ഷിക്കുകയായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *