ചെത്തുകാരന്റെ മകൻ എന്നതിൽ അഭിമാനം മാത്രമേയുള്ളൂ; സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി
കോൺഗ്രസ് നേതാവ് കെ സുധാകരൻ നടത്തിയ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചെത്തുകാരന്റെ മകൻ എന്നതിൽ അഭിമാനം മാത്രമാണുള്ളത്. ചെത്തുകാരന്റെ മകനായതിൽ ഏതെങ്കിലും തരത്തിലുള്ള അപമാനബോധമില്ലെന്നും തികഞ്ഞ അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
സുധാകരന്റെ പരാമർശം തെറ്റായി കാണുന്നില്ല. അച്ഛൻ ചെത്തുകാരനായിരുന്നുവെന്ന് താൻ തന്നെ പറഞ്ഞിരുന്നു. എന്റെ ജ്യേഷ്ഠനും ആകാവുന്ന അത്രയും കാലം ചെത്തുകാരനായിരുന്നു. രണ്ടാമത്തെ ജ്യേഷ്ഠനും ചെത്തുജോലി അറിയാമായിരുന്നു. അദ്ദേഹം പിന്നീട് ബേക്കറി ജോലിയിലേക്ക് മാറി. ഇതൊക്കെയാണ് എന്റെ കുടുംബ പശ്ചാത്തലം. ഇത് അഭിമാനമായാണ് ഞാൻ കാണുന്നത്.
ബ്രണ്ണൻ കോളജിൽ പഠിക്കുമ്പോൾ മുതൽ സുധാകരനെ അറിയാം. ചെത്തുകാരന്റെ മകൻ എന്ന് സുധാകരൻ പറഞ്ഞത് ആക്ഷേപമായി കാണുന്നില്ല. പരാമർശത്തിൽ അപമാനമോ ജാള്യതയോ തോന്നുന്നില്ല. സുധാകരൻ പറഞ്ഞത് എന്ത് ഉദ്ദേശ്യത്തിലാണെന്ന് നോക്കേണ്ടതുണ്ട്. ഷാനിമോൾ ഉസ്മാനാണ് ഇങ്ങനെയാക്കിയത് എന്ന് സുധാകരൻ തന്നെ പറയുന്നുണ്ട്. രമേശ് ചെന്നിത്തല എന്തുകൊണ്ടാണ് സുധാകരന്റെ പ്രസ്താവന തള്ളിക്കളഞ്ഞതെന്നും നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.