Saturday, April 12, 2025
Gulf

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തുന്നു

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തുന്നു. ശ്രീനാരായണ ഗുരുവിന്റെ 169-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി, ഗുരുദേവ സോഷ്യല്‍ സൊസൈറ്റി, ബഹ്റൈന്‍ ബില്ലവാസ് എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി എത്തുന്നത്. സെപ്റ്റംബര്‍ 7 മുതല്‍ 9 വരെയാണ് ശ്രീ നാരായണ ജയന്തിയോടനുബന്ധിച്ചുള്ള പരിപാടികള്‍ നടക്കുക. സെപ്തംബര്‍ ആറിന് ബഹ്‌റൈനിലെത്തുന്ന രാംനാഥ് കോവിന്ദ് 7,8,9 എന്നീ ദിവസങ്ങളില്‍ ബഹ്‌റൈനില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

ചടങ്ങിന്റെ മുഖ്യാതിഥിയായി എത്തുന്ന രാംനാഥ് കോവിന്ദിനെ കൂടാതെ കര്‍ണാടക ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിത്‌നന്ദ, സെക്രട്ടറി സ്വാമി സുഗാനന്ദ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

സെപ്തംബര്‍ 7ന് വൈകുന്നേരം 7 മണിക്ക് മനാമയിലെ ക്രൗണ്‍ പ്ലാസയില്‍ വെച്ച് ക്ഷണിക്കപ്പെട്ട 450ഓളം അതിഥികള്‍ക്കായി നടക്കുന്ന എക്‌സിക്യൂട്ടീവ് ഡിന്നര്‍ പരിപാടിയില്‍ രാം നാഥ് കോവിന്ദ് പങ്കെടുക്കും. സെപ്തംബര്‍ 8ന് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടക്കുന്ന ട്രിബ്യൂട്ട് ടു ബഹ്‌റൈന്‍ എന്ന പൊതു പരിപാടിയിലും സംബന്ധിക്കും. വൈകീട്ട് 6.30 മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ 3000 ത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. വിവിധ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറും.

സെപ്തംബര്‍ 9ന് ബഹ്‌റൈനിലെ വിവിധ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന കുട്ടികളുടെ പാര്‍ലിമെന്റിലും മുന്‍ രാഷ്ട്രപതി പങ്കെടുക്കും. സംസ്‌കാരങ്ങളുടെ സമന്വയവും, മാനവിക ഐക്യവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചകളും നടക്കും.
ബഹ്റൈന്‍ ബില്ലവാസ് കണ്‍വീനര്‍സമ്പത്ത് സുവര്‍ണ, ജിഎസ്എസ് ജനറല്‍ സെക്രട്ടറി ബിനു രാജ് രാജന്‍,ബഹ്റൈന്‍ ബില്ലവാസ് പ്രസിഡന്റ് ഹരീഷ് പൂജാരി, ജി.എസ്എസ് ചെയര്‍മാന്‍ സനീഷ് കൂറുമുള്ളില്‍, എസ്എന്‍സിഎസ് ചെയര്‍മാന്‍ സുനീഷ് സുശീലന്‍, എസ്എന്‍സിഎസ് ജനറല്‍ സെക്രട്ടറി, വി. ആര്‍.സജീവന്‍, പോഗ്രാം അഡൈ്വസര്‍. സോമന്‍ ബേബി, ജനറല്‍ കണ്‍വീനര്‍ സുരേഷ് കരുണാകരന്‍, വിസിറ്റ് അഡൈ്വസര്‍ സോവിച്ചന്‍ ചേന്നാട്ടുശ്ശേരി എന്നിവരാണ് ക്രൗണ്‍ പ്ലാസയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. ബഹ്‌റൈന്‍ മീഡിയാസിറ്റിയാണ് പരിപാടിയുടെ ഇവെന്റ് മാനേജര്‍.

Leave a Reply

Your email address will not be published. Required fields are marked *