‘അമേഠിയിലല്ല, രാഹുല്‍ കേരളത്തില്‍ തന്നെ മത്സരിക്കണം’; വി. ഡി സതീശന്‍
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുല്‍ കേരളത്തില്‍ തന്നെ മത്സരിക്കണമെന്നാണ് വി ഡി സതീശന്റെ പ്രതികരണം. രാഹുല്‍ ഗാന്ധി കേരളം വിട്ടുപോകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. അജയ് റായ് പറഞ്ഞത് അദ്ദേഹത്തിന്റെ ആഗ്രഹമാണെന്നും രാഹുല്‍ എവിടെ മത്സരിക്കും എന്നതില്‍ ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആണ് പ്രഖ്യാപിച്ചത്. 2024 തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി എവിടെ മത്സരിക്കുമെന്ന ചോദ്യം സജീവ ചര്‍ച്ച ആകുന്നതിനിടെയാണ്, രാഹുല്‍ അമേഠിയില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി അജയ് റായ് രംഗത്ത് വന്നത്.
ഇത് യാഥാര്‍ഥ്യമായാല്‍ അമേഠിയില്‍ രാഹുല്‍-സ്മൃതി ഇറാനി പോരാട്ടത്തിനു വീണ്ടും കളമൊരുങ്ങും. അമേഠി രാഹുല്‍ തന്നെ തിരിച്ചു പിടിച്ചാല്‍ അത് അദ്ദേഹത്തിനും പാര്‍ട്ടിക്കും ദേശീയതലത്തില്‍ ഗുണം ചെയ്യുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസിന്റ നിലപാട്. വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചാല്‍ വിജയം ഉറപ്പാക്കാനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ തീവ്രശ്രമം നടത്തുമെന്നും അജയ് റായ് പറഞ്ഞു. 2014 ലും 2019 ലും വാരണാസിയില്‍ നരേന്ദ്രമോദിക്കെതിരെ അജയ് റായ് ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
അതേസമയം ഇത്തവണ യുപി യിലെ കോണ്‍ഗ്രസ്സിന്റെ ഏക സീറ്റായ സോണിയ ഗാന്ധിയുടെ റായ്ബറേലിയും പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ബിജെപി. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറിനാണ് മണ്ഡലത്തിന്റ ചുമതല നല്‍കിയിരിക്കുന്നത്.