ചെറുപ്പം മുതൽ രാജ്യത്തെ സേവിക്കാൻ ആഗ്രഹിച്ചിരുന്നു; രാഷ്ട്രപതി രാംനാഥ് കോവിന്ദ്
ചെറുപ്പം മുതൽ തന്നെ രാജ്യത്തെ സേവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും, 5 വർഷം മുമ്പ് നിങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളിലൂടെയാണ് താൻ പ്രസിഡന്റായി എത്തിയതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിടവാങ്ങൾ പ്രസംഗത്തിൽ രാജ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതി എന്ന നിലയിലുള്ള തന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണെന്നും എല്ലാവരോടും ഹൃദയംഗമമായ നന്ദി അറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്പം മുതൽ തന്നെ രാജ്യത്തെ സേവിക്കാൻ ആഗ്രഹിച്ചിരുന്നു. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിൽ അഭിമാനമുണ്ട്. പരുങ്ക് ഗ്രാമത്തിൽ നിന്നുള്ള രാം നാഥ് കോവിന്ദ് ഇന്ന് നിങ്ങളെ അഭിസംബോധന ചെയ്യുന്നുവെങ്കിൽ, അത് ഊർജ്ജസ്വലമായ ജനാധിപത്യത്തിന്റെ ശക്തിയാണ്. രാഷ്ട്ര നിർമ്മാതാക്കളുടെ കഠിനാധ്വാനത്തിലൂടെയും സേവന മനോഭാവത്തിന്റെയും കാൽച്ചുവടുകൾ പിന്തുടർന്ന് മുന്നോട്ട് പോകണം.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഇന്ത്യയുടെ നൂറ്റാണ്ടാക്കി മാറ്റാൻ നമ്മുടെ രാജ്യം പ്രാപ്തമാണ്. നമ്മുടെ കുട്ടികൾക്കായി പരിസ്ഥിതി, ഭൂമി, വായു, വെള്ളം എന്നിവ നാം പരിപാലിക്കണം. നിത്യ ജീവിതത്തിലും ശീലങ്ങളിലും പ്രകൃതിയെയും മറ്റെല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കാൻ നാം കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ദ്രൗപതി മുർമ്മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ആദിവാസി ഗോത്ര വിഭാഗത്തിൽ നിന്ന് രാഷ്ട്രപതി സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാണ് ദൗപതി മുർമ്മു. പരമ്പരാഗത രീതിയിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ആണ് സത്യപ്രതിജ്ഞ ചടങ്ങുകൾ.
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം പുതിയ രാഷ്ട്രപതിക്ക് ചൊല്ലി നൽകും. രാവിലെ 10 15നാണ് സത്യപ്രതിജ്ഞ ചടങ്ങ്.സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദ് , ഉപരാഷ്ടപതി വെങ്കയ്യ നായിഡു , പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാന മന്ത്രിമാർ, കേന്ദ്രമന്ത്രിമാർ,എംപിമാർ, വിവിധ പാർട്ടി നേതാക്കൾ, വിശിഷ്ട വ്യക്തികൾ, വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമാകും. സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം പുതിയ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.