Saturday, October 19, 2024
Gulf

ഗുരുവിന്റെ ദര്‍ശനം ഭാരതത്തിനും ലോകത്തിനും ഇന്നാവശ്യം; രാംനാഥ് കോവിന്ദ്

ലോക ചരിത്രത്തില്‍ അതുല്യമായ വ്യക്തിവൈശിഷ്ഠ്യം പുലര്‍ത്തിയ വിശ്വഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്നും ഗുരുവിന്റെ ദര്‍ശനം ഭാരതത്തിനും ലോകത്തിനും ഇന്നാവശ്യമാണെന്നും ഇന്ത്യന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബഹ്റൈനില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു. ബഹ്‌റൈനില്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി, ഗുരുദേവ സോഷ്യല്‍ സോസൈറ്റി, ഗുരുസേവ സമിതി എന്നീ ശ്രീനാരായണീയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ 169-മത് ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരത ചരിത്രത്തില്‍ നിരവധി മഹാഗുരുക്കന്മാര്‍ അവതരിച്ചിട്ടുണ്ട്. ‘ധര്‍മ്മ സംസ്ഥാപനമാണ് ജന്മോദ്ദേശം’ ആ പാരമ്പര്യത്തില്‍ കേരളത്തില്‍ ജനിച്ച ശ്രീനാരായണ ഗുരു ലോക നേതാക്കള്‍ക്ക് പോലും ആദരണീയനായി.
നോബല്‍ സമ്മാന ജേതാവും ചിന്തകനുമായ റൊമൈന്‍ റോളന്‍ എഴുതിയ ശ്രീരാമകൃഷ്ണ – വിവേകാനന്ദ ജീവചരിത്രത്തില്‍ കര്‍മ്മനിരതനായ മഹാജ്ഞാനിയെന്നാണ് ഗുരുദേവനെ വിശേഷിപ്പിച്ചിട്ടുളളത്. ഗുരുദേവനെ ദര്‍ശിക്കാന്‍ കഴിഞ്ഞത് പുണ്യമായാണ് മഹാത്മാഗാന്ധി പോലും കണ്ടത്. മഹാകവി രവീന്ദ്രനാഥ ടാഗോറും അദ്ദേഹത്തിന്റെ വാത്സല്യഭാജനമായിരുന്ന സി. എഫ്. ആന്‍ഡ്രൂസും ഗുരുദേവനെ ശിവഗിരിയില്‍ സന്ദര്‍ശിക്കുകയും ഗുരുവിന്റെ ആദ്ധ്യാത്മിക മഹത്വം വെളിപ്പെടുത്തുകയും ചെയ്തു. ഗുരുവിനെ ദര്‍ശിച്ച ശേഷം ആന്‍ഡ്രൂസ് പറഞ്ഞത് താന്‍ ദൈവത്തെ മനുഷ്യ രൂപത്തില്‍ കണ്ടെന്നാണ്, മുന്‍ രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ ഓര്‍മിച്ചു.

മൂന്ന് ദിവസങ്ങളിലായി നടന്ന ആഘോഷപരിപാടികള്‍ ശ്രദ്ധേയമായി. രാംനാഥ് കോവിന്ദ് മുഖ്യ അതിഥിയായ ചടങ്ങില്‍ ബഹ്റൈനിലെയും ഇന്ത്യയില്‍ നിന്നുമുള്ള നിരവധി പേരാണ് സംബന്ധിച്ചത്. ബഹ്‌റൈന്‍ ഭരണകൂടത്തിനും ബഹ്റൈന്‍ ജനതയ്ക്കും ഇന്ത്യന്‍ സമൂഹത്തിനും നന്ദിയും അഭിവാദ്യവും അര്‍പ്പിച്ചുകൊണ്ട് ആരംഭം കുറിച്ച 3 ദിവസത്തെ ചടങ്ങുകള്‍ 2023 സെപ്റ്റംബര്‍ 7 വ്യാഴാഴ്ച്ച റാഡിസണ്‍ ബ്ലൂവില്‍ ആണ് ആരംഭം കുറിച്ചത്. തുടര്‍ന്ന് അത്താഴവിരുന്ന് ഒരുക്കിയിരുന്നു കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫ് അലി വിശിഷ്ടാതിഥികളായി പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ എക്‌സലെന്‍സി വിനോദ് കെ ജേക്കബ്, ബഹ്റൈനിലെയും ഇന്ത്യയിലെയും ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, മറ്റ് ക്ഷണിക്കപ്പെട്ട അഥിതികള്‍, കുടുംബാംഗങ്ങള്‍, മറ്റ് വിശിഷ്ട വ്യക്തികളും ബഹ്‌റൈന്‍ സമൂഹത്തിലെ നാനാ തുറയില്‍ നിന്നുള്ളവരും പങ്കെടുത്തു.

സെപ്റ്റംബര്‍ 8 വെള്ളിയാഴ്ച്ച ഇന്ത്യന്‍ സ്‌കൂള്‍, ഇസാ ടൗണ്‍ അങ്കണത്തില്‍ ‘ട്രിബ്യൂട്ട് ടു ബഹ്‌റൈന്‍’ എന്ന പ്രധാന പൊതുപരിപാടിയായിരുന്നു ഏറെ ശ്രദ്ധേയമായത്. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പം ചടങ്ങില്‍ ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്‌മശ്രീ സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി ബ്രഹ്‌മശ്രീ ശുഭകാനന്ദ സ്വാമി, പ്രശസ്ത സിനിമാ താരം നവ്യാ നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ചടങ്ങില്‍ ബഹ്റൈന്‍ ഇന്ത്യന്‍ സമൂഹത്തില്‍ തിളങ്ങുന്ന വ്യക്തിത്വങ്ങള്‍ക്ക് മുന്‍ രാഷ്ട്രപതി അവാര്‍ഡുകള്‍ സമ്മാനിച്ചു.

‘ശ്രീ നാരായണ ഗുരു – സ്പിരിറ്റ് ഓഫ് ഹ്യൂമനിസം അവാര്‍ഡ്’ ജോര്‍ജ് ചെറിയാന്‍, സി ഇ ഓ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍,മഹേഷ് ദേവ്ജി, മാനേജിംഗ് ഡയറക്ടര്‍ – ദേവ്ജി,രാജശേഖരന്‍ പിള്ള, മാനേജിംഗ് ഡയറക്ടര്‍ – നാഷണല്‍ ഫയര്‍ ഫൈറ്റിംഗ് കമ്പനി ഡബ്ല്യു. എല്‍. എല്‍. എന്നിവര്‍ക്കും സ്ഥാപനങ്ങള്‍ക്കു നല്‍കിയ അവാര്‍ഡുകള്‍ സുശീല്‍ മുല്‍ജിമല്‍, (വിഎം ബ്രോസ്),ബാബു കേവല്‍റാം, (കേവല്‍റാം ആന്‍ഡ് സണ്‍സ്) ഭഗവാന്‍ അസര്‍പോട്ട, (ഹരിദാസ് സണ്‍സ് ഡബ്ല്യു.എല്‍.എല്‍). എന്നിവരും സ്വീകരിച്ചു. വി. ജയശങ്കര്‍, ജി. പ്രദീപ് കുമാര്‍, ഹാജി അബ്ദുള്‍ റസാഖ്, ഹജ്മാദി, ഹബീബ് റഹ്‌മാന്‍, കെ.എസ്. ഷെയ്ഖ് കര്‍ണിരെ,അനില്‍ നവാനി, എന്നിവരെ ശ്രീ നാരായണ ഗുരു – ഓര്‍ഡര്‍ ഓഫ് സോഷ്യല്‍ കോണ്‍ഷ്യസ്നെസ് അവാര്‍ഡ് നല്‍കി ആദരിച്ചു,

തൊട്ടടുത്ത ദിവസം ഇന്ത്യന്‍ സ്‌ക്കൂളില്‍ വച്ച് നടന്ന ‘കുട്ടികളുടെ പാര്‍ലമെന്റ്’ ആയിരുന്നു മുന്‍ രാഷ്ട്രപതിയുടെമറ്റൊരു പ്രധാന പരിപാടി . ‘സംസ്‌കാരങ്ങളുടെ സംഗമം, മാനവ മൈത്രിക്ക് ‘ എന്ന വിഷയം കുട്ടികളുടെ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തു. വിവിധ ക്ലബുകളെയും, സംഘടനകളെയും, സ്‌കൂളുകളെയും പ്രതിനിധികരിച്ചു 4 വീതം അടങ്ങുന്ന 9 ഗ്രൂപ്പായി തിരിച്ചു 36 കുട്ടികള്‍ പങ്കെടുത്തു.

‘ശുക്രന്‍ ബഹറൈന്‍’ എന്ന സന്ദേശത്തില്‍ നടന്ന പരിപാടികളില്‍ ശ്രീനാരായണ ഗുരുവിന്റെ ഏറ്റവും പ്രധാനപ്പെട്ട സൂക്തമായ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന’ ആപ്ത വാക്യത്തില്‍ ഊന്നി എല്ലാ മതങ്ങളും തരുന്ന സന്ദേശങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ ഓരോരുത്തര്‍ക്കും സാധ്യമാകട്ടെ എന്ന് മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. സംഘാടകരുടെ ബഹ്റൈനിലെ ആസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനും മുന്‍ രാഷ്ട്രപതി അദ്ദേഹത്തിന്റെ സമയം നീക്കിവച്ചു. രാം നാഥ് കോവിന്ദിനൊപ്പം, ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി ശുഭകാനന്ദ സ്വാമി, ചലച്ചിത്ര താരം നവ്യാ നായര്‍ തുടങ്ങിയവര്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി (എസ് എന്‍ സി എസ്), ഗുരുദേവ സോഷ്യല്‍ സൊസൈറ്റി (ജി എസ് എസ്) എന്നിവടങ്ങളില്‍ ഹൃസ്വ സന്നര്‍ശനങ്ങള്‍ നടത്തുകയുണ്ടായി.കെ ജി ബാബുരാജ് രക്ഷാധികാരിയും , സുരേഷ് കരുണാകരന്‍ ജനറല്‍ കണ്‍വീനറുമായുള്ള ആഘോഷക്കമ്മിറ്റിക്ക് സുനീഷ് സുശീലന്‍ (എസ്എന്‍സിഎസ് ചെയര്‍മാന്‍) വി.ആര്‍.സജീവന്‍ (എസ്.എന്‍.സി.എസ് ജനറല്‍ സെക്രട്ടറി)
സനീഷ് കൂറുമുള്ളില്‍ (ജി.എസ്.എസ്.ചെയര്‍മാന്‍) ബിനു രാജ് രാജന്‍ (ജി.എസ്.എസ് ജനറല്‍ സെക്രട്ടറി), ഹരീഷ് പൂജാരി (ബഹ്‌റൈന്‍ ബില്ലവാസ് പ്രസിഡന്റ്) രൂപേഷ് കുമാര്‍ (ബഹ്റൈന്‍ ബില്ലവാസ് ജനറല്‍ സെക്രട്ടറി),സോവിച്ചന്‍ ചെന്നാട്ടുശ്ശേരി, സോമന്‍ ബേബി (മാധ്യമപ്രവര്‍ത്തകന്‍) എന്നിര്‍ നേതൃത്വം നല്‍കി

Leave a Reply

Your email address will not be published.