സോളാർ ഗൂഢാലോചന; കെപിസിസി യോഗത്തിൽ സിബിഐ റിപ്പോർട്ട് ചർച്ചയായില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്
സോളാർ ഗൂഡാലോചനയിൽ അന്വേഷണം വേണമോയെന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി കൊടിക്കുന്നിൽ സുരേഷ് എം പി. കെ പി സി സി യോഗത്തിൽ സിബിഐ റിപ്പോർട്ട് ചർച്ചയായില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. പാർട്ടിയിൽ വിഷയം ചർച്ച ചെയ്തിട്ടില്ല.പാർട്ടി നിലപാട് കെ പി സി സി അധ്യക്ഷൻ പറയുമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. ഗണേഷ് കുമാറിനെതിരെയുള്ള സിബിഐ കണ്ടെത്തലിനെ കുറിച്ച് ആവർത്തിച്ചുള്ള ചോദ്യത്തിനും കൊടിക്കുന്നിൽ സുരേഷ് എം പി മറുപടി നൽകിയില്ല.
ഇതിനിടെ സോളാർ കേസിലെ സിബിഐ അന്വേഷണ റിപ്പോർട്ടിലെ പ്രതികൾ മുഖ്യമന്ത്രിയും ഗണേഷ് കുമാറും ദല്ലാൾ നന്ദകുമാറും അടക്കമുള്ളവരാണെന്ന് കെ.മുരളീധരൻ പറഞ്ഞു. റിപ്പോർട്ട് പൂർത്തിയായി കഴിഞ്ഞു. ഇനി വേണ്ടത് അന്വേഷണമല്ല നടപടിയാണെന്നും, പ്രതി മുഖ്യമന്ത്രിയായതിനാൽ ഈ സർക്കാർ നടപടിയെടുക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
പ്രതി മുഖ്യമന്ത്രിയായതിനാൽ ഈ സർക്കാർ നടപടിയെടുക്കില്ലെന്ന് ഉറപ്പാണ്. അതിനാലാണ് നിയമവശം പരിശോധിച്ച് നടപടിയെടുക്കുമെന്ന് യു.ഡി.എഫ് പറഞ്ഞത്. അന്വേഷണ റിപ്പോർട്ടിന് മുകളിൽ മറ്റൊരു അന്വേഷണം ആവശ്യമില്ല. സോളാർ വിവാദം കത്തുന്നതിൽ യു.ഡി.എഫിന് ഒരു തിരിച്ചടിയുമില്ലെന്നും വിവാദ ദല്ലാൾ പറയുന്നത് ഒന്നും മുഖവിലക്ക് എടുക്കുന്നില്ലെന്നും കെ മുരളീധരൻ പ്രതികരിച്ചു.
സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയുടെ സൂത്രധാരൻ ഗണേഷ് കുമാര്‍ തന്നെയെന്ന് ഫെനി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ഗണേഷ് കുമാറിന്റെ സഹായികളുടെ നിർദേശപ്രകാരം ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരുകൾ പിന്നീട് എഴുതിച്ചേർത്തതാണെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.
ലൈംഗികാരോപണം പുറത്ത് വന്നതോടെ നിരവധി ആളുകള്‍ ഇതിൽ ഇടപെട്ടു. ഇ.പി ജയരാജൻ കൊല്ലത്ത് വച്ച് തന്റെയടുത്ത് സംസാരിച്ചു. ഈ ആരോപണമെല്ലാം നിലനിൽക്കട്ടെ. തനിക്ക് തനിക്ക് വേണ്ടതെല്ലാം ചെയ്ത് തരാമെന്ന് ഇ.പി പറഞ്ഞതായും ഫെനി പറഞ്ഞു.