ദുബായി മാരത്തോണിന് ഇന്ന് തുടക്കം; ഉച്ച വരെ ഗതാഗതം നിയന്ത്രിക്കും
ലോകത്തിലെ ഏറ്റവും പ്രധാന മാരത്തോണുകളിലൊന്നായ ദുബായി മാരത്തോണിന് ഇന്ന് തുടക്കം. ദുബായി എക്‌സ്‌പോ സിറ്റിയില്‍ നിന്നാണ് മാരത്തോണ്‍ ആരംഭിക്കുക. ഇതിന്റെ ഭാഗമായി നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. മുന്‍വര്‍ഷങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങളുണ്ടായതിനാല്‍ ഇത്തവണത്തെ മാരത്തോണ്‍ വലിയ ആഘോഷമാക്കി മാറ്റാനൊരുങ്ങുകയാണ് യുഎഇ നിവാസികള്‍.
നാല് കിലോമീറ്റര്‍, 10 കിലോമീറ്റര്‍, 42 കി.മീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. 42 കിലോമീറ്റര്‍ മാരത്തോണ്‍ രാവിലെ ആറ് മണിക്കും പത്ത് കിലോമീറ്റര്‍ രാവിലെ എട്ട് മണിക്കും നാല് കിലോമീറ്റര്‍ ഫണ്‍ റണ്‍ രാവിലെ പതിനൊന്ന് മണിക്കും ആരംഭിക്കും. മാരത്തോണിന്റെ ഭാഗമായി നഗരത്തില്‍ ഗതാഗതം നിയന്ത്രിക്കും. ഉച്ചയ്ക്ക് ഒന്ന് വരെയാണ് ഗതാഗതനിയന്ത്രണമെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ദുബായ് എക്സ്‌പോ സിറ്റിയില്‍ നിന്ന് ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റ്, ഹെസ സ്ട്രീറ്റ് എന്നീ ഭാഗങ്ങളിലേക്കാണ് ഗതാഗത നിയന്ത്രണം. രാവിലെ 11 മണി മുതല്‍ ഘട്ടം ഘട്ടമായി റോഡുകള്‍ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ അറിയിച്ചു. ദുബായി മെട്രോ രാവിലെ നാല് മണി മുതല്‍ തന്നെ സര്‍വീസ് ആരംഭിക്കും.