Saturday, October 19, 2024
Kerala

കോഴിക്കോട് മൂരാട് പാലത്തില്‍ നവംബര്‍ 18 മുതല്‍ 25 വരെ ഗതാഗത നിയന്ത്രണം

കോഴിക്കോട് മൂരാട് പാലത്തില്‍ നവംബര്‍ 18 മുതല്‍ 25 വരെ ഗതാഗതം നിയന്ത്രിക്കും. ദേശീയപാതയിലെ മൂരാട് പുതിയ പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡിയാണ് അറിയിപ്പ് നല്‍കിയത്. നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി വാഹനഗതാഗതം നിയന്ത്രിക്കണമെന്ന എന്‍.എച്ച്.എ.ഐയുടെ ആവശ്യപ്രകാരമാണ് തീരുമാനം. യാത്ര സുഗമമാക്കാന്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ദിശാ ബോര്‍ഡുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കണം.

കൂടുതല്‍ തൊഴിലാളികളെയും യന്ത്രസാമഗ്രികളും പ്രയോജനപ്പെടുത്തി സമയബന്ധിതമായി പാലം പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പാലത്തിന്റെ സ്ഥിരതയും മറ്റ് സാങ്കേതിക വിശദാംശങ്ങളും എന്‍എച്ച്എഐയും ബന്ധപ്പെട്ട കരാറുകാരനും ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി തലശ്ശേരിയില്‍ നിന്ന് കോഴിക്കോടേക്ക് വരുന്ന ചരക്ക് വാഹനങ്ങള്‍ പെരിങ്ങത്തൂര്‍ – നാദാപുരം – കുറ്റ്യാടി – പേരാമ്പ്ര – ഉള്ളിയേരി – അത്തോളി – പൂളാടിക്കുന്ന് വഴി കോഴിക്കോട് നഗരത്തില്‍ പ്രവേശിക്കണം. കോഴിക്കോട് ഭാഗത്തുനിന്ന് തലശ്ശേരിയിലേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ പൂളാടിക്കുന്ന്- അത്തോളി- ഉള്ളിയേരി- പേരാമ്പ്ര- കുറ്റ്യാടി- നാദാപുരം-പെരിങ്ങത്തൂര്‍ വഴി തലശ്ശേരിയില്‍ പ്രവേശിക്കേണ്ടതാണ്.

യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ക്ക് എല്ലാ ദിവസവും രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് വരെയും, വൈകീട്ട് മൂന്ന് മണി മുതല്‍ ആറ് മണി വരെയും മൂരാട് പാലത്തിലൂടെ ഗതാഗതം അനുവദിക്കും. ബാക്കി സമയങ്ങളില്‍ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിക്കുന്നതാണ്.

യാത്രക്കാരുമായി വടകരയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വടകര-പണിക്കോട്ടി റോഡ്-മണിയൂര്‍ ഹൈസ്‌കൂള്‍-തുറശ്ശേരി മുക്ക്-തുറശ്ശേരിക്കടവ് പാലം-കിഴൂര്‍ ശിവക്ഷേത്രം ജങ്ഷന്‍ വഴി പയ്യോളിയില്‍ പ്രവേശിക്കേണ്ടതാണ്. പയ്യോളി ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് പോകുന്ന യാത്രാ വാഹനങ്ങള്‍ പയ്യോളി-തച്ചന്‍കുന്ന്-അട്ടക്കുണ്ട് പാലം-ബാങ്ക് റോഡ് വഴി വടകര ടൗണില്‍ പ്രവേശിക്കേണ്ടതാണ്.. കൊയിലാണ്ടിയില്‍ നിന്നും വടകരയിലേക്കുള്ള സ്വകാര്യ ലോക്കല്‍ ബസുകള്‍ ഗതാഗത നിയന്ത്രണമുള്ള സമയങ്ങളില്‍ ഇരിങ്ങല്‍ ഓയില്‍മില്‍ ജങ്ഷനില്‍ യാത്രക്കാരെ ഇറക്കി തിരികേ പോകേണ്ടതാണ്. വാഹനം വഴിതിരിച്ചുവിടുന്ന സമാന്തര റോഡുകള്‍ പൊതുമരാമത്ത് റോഡ് വിഭാഗം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published.