‘ഈ കവറുകളില്‍ സ്‌നേഹമയയ്ക്കുന്നു’; ദുരന്തഭൂമിയിലേക്ക് പുതപ്പുകള്‍ സംഭാവന ചെയ്ത ഇന്ത്യക്കാരുടെ കത്ത് പങ്കുവച്ച് തുര്‍ക്കി അംബാസഡര്‍
തുര്‍ക്കി ഭൂകമ്പത്തിലെ അതിജീവിതര്‍ക്ക് കമ്പിളി പുതപ്പുകള്‍ അയച്ച ഇന്ത്യക്കാര്‍ക്ക് നന്ദി അറിയിച്ച് തുര്‍ക്കി അംബാസഡര്‍. ഭൂകമ്പത്തിന്റെ ഇരകള്‍ക്ക് നൂറുകണക്കിന് കമ്പിളി പുതപ്പുകളാണ് അതിശൈത്യത്തെ നേരിടാന്‍ ഒരു സംഘം ഇന്ത്യയില്‍ നിന്ന് അയച്ചുകൊടുത്തത്. തുര്‍ക്കി അംബാസഡര്‍ ഫിരത് സുനല്‍ ആണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പോസ്റ്റില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവച്ചത്.
ഇന്ത്യയില്‍ നിന്ന് സ്‌നേഹം അയക്കുന്ന എന്ന കുറിപ്പോടെയായിരുന്നു പുതപ്പുകള്‍ തുര്‍ക്കിയിലേക്ക് അയച്ചത്. ഈ കത്തിന്റെ ചിത്രവും തുര്‍ക്കി അംബാസഡര്‍ പങ്കുവച്ചു. ‘എല്ലാ തുര്‍ക്കി ജനതയ്ക്കും ഞങ്ങളുടെ ആദരവ്. തുര്‍ക്കിയിലെ പ്രകൃതി ദുരന്തത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടതില്‍ നാമെല്ലാവരും ആശങ്കാകുലരാണ്. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ ഇന്ത്യക്കാരും തുര്‍ക്കി ജനതയുടെ ദുഃഖത്തിനൊപ്പം പങ്കുചേരുകയാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും ഈ ദുരന്തത്തെ നേരിടാന്‍ ധൈര്യം നല്‍കുകയും ചെയ്യട്ടെ.’ കുല്‍ദീപ്, അമര്‍ജീത്, സുഖ്‌ദേവ്, ഗൗരവ് എന്നിവര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു.
‘ചില സമയങ്ങളില്‍ വാക്കുകളുടെ അര്‍ത്ഥം നിഘണ്ടുവിലെ അര്‍ത്ഥത്തേക്കാള്‍ വളരെ ആഴമേറിയതായിരിക്കും’. കത്ത് പങ്കുവച്ച തുര്‍ക്കി അംബാസഡര്‍ ട്വിറ്ററില്‍ കുറിച്ചു. ലക്ഷക്കണക്കിന് പേരാണ് ഫിരത് സുനലിന്റെ ഈ ട്വീറ്റ് ഏറ്റെടുത്തത്.
കാല്‍ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ട സിറിയ, തുര്‍ക്കി ഭൂകമ്പത്തിലെ ഇരകളെ സഹായിക്കാന്‍ ഓപ്പറേഷന്‍ ദോസ്ത് എന്ന പേരില്‍ ഇന്ത്യ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ടവരെ രക്ഷപെടുത്തുന്നതിനും അവരെ സഹായിക്കുന്നതിനുമടക്കം മെഡിക്കല്‍ സപ്ലൈസ്, ഡോക്ടര്‍മാര്‍, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍ എന്നിവയെ ഇന്ത്യ അയച്ചിട്ടുണ്ട്.
ഇന്ത്യയെ കൂടാതെ യുഎസ്, ചൈന, ബ്രിട്ടന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ തുര്‍ക്കിയിലേക്ക് രക്ഷാപ്രവര്‍ത്തകരെ അയക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ മധ്യ തുര്‍ക്കിയിലും വടക്കുപടിഞ്ഞാറന്‍ സിറിയയിലും ആദ്യത്തെ ഭൂചലനം ഉണ്ടായത്. പിന്നാലെ 7.6, 6.0 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളും തുര്‍ക്കിയിലുണ്ടായി. ചൊവ്വാഴ്ച രാജ്യത്ത് 5.5, 5.4 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ഭൂചലനങ്ങളുണ്ടായി. പതിനായിരക്കണക്കിന് പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.