കേന്ദ്രമന്ത്രി വി മുരളീധരന്റെ വീട് ആക്രമിച്ചയാള്‍ പിടിയില്‍; പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്
കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഉള്ളൂരിലെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. പയ്യന്നൂര്‍ സ്വദേശി മനോജാണ് പിടിയിലായത്. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. 10 വര്‍ഷം മുമ്പാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്. ശ്രീകാര്യത്ത് ഹോട്ടല്‍ ജീവനക്കാരനായിരുന്നു.
ഇന്നലെ രാത്രി 12.30ഓടെയാണ് മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മെഡിക്കല്‍ കോളജ് സിഐയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അന്വേഷണസംഘവും കണ്‍ട്രോള്‍ റൂം വെഹിക്കിളും സംയുക്തമായി നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് പ്രതി പിടിയിലായത്.
മാനസിക വെല്ലുവിളി നേരിടുന്ന മനോജ് തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ മുന്‍പ് ജോലി ചെയ്തിരുന്നുവെങ്കിലും അവിടെ നിന്ന് പിരിച്ചുവിട്ടിരുന്നു. തന്റെ അവസ്ഥയ്ക്ക് കാരണം കേന്ദ്രസര്‍ക്കാരാണെന്ന് വിശ്വസിച്ച പ്രതി കേന്ദ്രമന്ത്രിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വി മുരളീധരന്റെ വീടിന് നേരെ കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്ത് തുടങ്ങിയിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മെഡിക്കല്‍ കോളജ് എസ്എച്ച്ഒയും എത്തിയ ശേഷമാകും ചോദ്യം ചെയ്യല്‍ ആരംഭിക്കുക.