സൗദിയിൽ വൻ ലഹരിവേട്ട; വിപണിമൂല്യം 400 കോടി ഇന്ത്യൻ രൂപക്ക് മുകളിൽ
സൗദി അൽ ഖുറയ്യാത്തിലെ അൽ ഹദീഥ ചെക്ക് പോസ്റ്റിൽ വൻ ലഹരി ശേഖരം പിടികൂടി. ജോർദാനിൽ നിന്ന് പഴങ്ങളും പച്ചക്കറികളും കയറ്റിയ ട്രക്കിൽ കടത്താൻ ശ്രമിച്ച ലഹരിഗുളികകളാണ് പിടിച്ചെടുത്തത്. തക്കാളി, ഉറുമാൻ പഴം എന്നിവ കയറ്റിയ ട്രക്കിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. 20 ലക്ഷത്തിലധികം ഗുളികകൾ പിടിച്ചെടുത്തതായി സൗദി സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
വിദഗ്ദമായി ഒളിപ്പിച്ച ലഹരി വസ്തുക്കൾ സാങ്കേതിക വിദ്യകളുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെയാണ് കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 20 മുതൽ 50 മില്യൺ ഡോളർ (400 കോടി ഇന്ത്യൻ രൂപ) വരെ വിലമതിക്കുമെന്നാണ് വിലയിരുത്തുന്നത്. ഒരാളെ അറസ്റ്റ് ചെയ്തതായി നാർകോടിക്‌സ് കൺട്രോൾ ഡയറക്ടറേറ്റ് അറിയിച്ചു. മയക്കു മരുന്നു കടത്തു സംഘത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുളള ശ്രമത്തിലാണെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.
അതിനിടെ, ജസാനിൽ മൂന്ന് സ്വദേശി പൗരൻമാരെ 57 കിലോ ഗ്രാം ലഹരി ഉത്പ്പന്നങ്ങളുമായി സുരക്ഷാ സേനയിലെ പട്രോൾ വിഭാഗം പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.