ഇടുക്കി മാങ്കുളത്ത് നിന്നും ആനക്കുളത്ത് എത്തുന്ന പാതയിൽ ട്രെഞ്ച് നിർമ്മിച്ച് വനം വകുപ്പ്
ഇടുക്കി മാങ്കുളത്ത് നിന്നും പെരുമ്പൻകുത്ത്-വലിയപാറകുട്ടി വഴി ആനക്കുളത്ത് എത്തുന്ന പാതയിൽ ട്രെഞ്ച് നിർമ്മിച്ച് വനം വകുപ്പ്. വലിയപാറകുട്ടിപുഴയിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചതിന് പിന്നാലെയാണ് കാട്ടിലൂടെയുള്ള ജീപ്പ് സവാരി തടഞ്ഞത്. വനം വകുപ്പിന്റെ നടപടിക്ക് എതിരെ പ്രതിഷേധം ഉയരുകയാണ്.
അങ്കമാലി ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയത് അനധികൃത ജീപ്പ് സവാരിയാണെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ. ഇതോടെ ജീപ്പ് സവാരി നടക്കുന്ന മാങ്കുളം പെരുമ്പൻകുത്ത് വിലയപാറകൂട്ടി വഴി ആനക്കുളത്ത് എത്തുന്ന പാത വനം വകുപ്പ് ട്രെഞ്ച് നിർമ്മിച്ചു പൂർണമായും തടഞ്ഞു.
കുട്ടികൾ മരിച്ചതിനെ മറയാക്കി വനം വകുപ്പ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
മാങ്കുളത്ത് നിന്നും ആനക്കുളത്തേയ്ക്ക് എത്തുന്ന പരമ്പരാ?ഗത പാതയിൽ 800 മീറ്റർ മാത്രമാണ് കാട്ടുവഴിയായി അവശേഷിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കുറത്തിക്കുടി അടക്കമുള്ള ആദിവാസി മേഖലിയിലേയ്ക്കു പോകുന്ന വഴി അടക്കുന്നതിനെ ശക്തമായി ചെറുക്കാനാണ് നാട്ടുകാരുടെ തീരുമാനം.
നേരത്തെ ഇതുവഴി ഗതാഗതം തടഞ്ഞ് ട്രെഞ്ചും ചെക്ക്‌പോസ്റ്റും ബോർഡും വനം വകുപ്പ് സ്ഥാപിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ പിന്നീടത് നീക്കം ചെയ്തിരുന്നു.