മലപ്പുറത്ത് വൻ ലഹരിവേട്ട; ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു
മലപ്പുറം: ട്രിപ്പിൾ ലോക്ഡൗണിനിടെ മലപ്പുറത്ത് വൻ ലഹരി വേട്ട. ഒരു കോടി രൂപയുടെ മയക്കു മരുന്നാണ് ഇന്ന് ജില്ലയിൽ നിന്നും പോലീസ് സംഘം കണ്ടെടുത്തത്. വിദ്യാർഥികളെയും യുവാക്കൾക്കളെയും ലക്ഷ്യമിട്ടെത്തിച്ച ലഹരി വസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
കോഴിച്ചെന പരേടത്ത് വീട്ടിൽ മുഹമ്മദ് ഷബീബ് (25), വൈരങ്കോട് കാക്കൻകുഴി വീട്ടിൽ മുബാരിസ് (26), വാളക്കുളം റെമീസ് കോഴിക്കൽ വീട്ടിൽ സുഹസാദ് (24), വലിയ പറമ്പിൽ മുഹമ്മദ് ഇസ്ഹാക് (25), കോഴിച്ചെന കൈതക്കാട്ടിൽ വീട്ടിൽ അഹമ്മദ് സാലിം (21), വളവന്നൂർ വാരണക്കര സൈഫുദ്ധീൻ (25), തെക്കൻ കുറ്റൂർ മേപ്പറമ്പത്ത് രഞ്ജിത്ത് (21), പുതുക്കുടി റിയാസ് (40) എന്നിവരാണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവി സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘത്തെ കുടുക്കാൻ കഴിഞ്ഞത്. പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. സലേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ജിനേഷ്, വിനീഷ്, അഖിൽരാജ് എന്നിവരും പരപ്പനങ്ങാടി, കൽപകഞ്ചേരി സ്റ്റേഷൻ ഓഫീസർമാരായ ഹണി കെ. ദാസ്, റിയാസ് രാജ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, കഞ്ചാവ്, തമിഴ്‌നാട്ടിൽ നിന്നുള്ള മദ്യം എന്നിവയാണ് കണ്ടെടുത്തത്.
ബംഗളൂരുവിൽ നിന്നാണ് പ്രതികൾ ലഹരി വസ്തുക്കൾ കേരളത്തിലെത്തിച്ചിരുന്നത്. ചരക്ക് വാഹനങ്ങളിലും മരുന്നുകൾ കൊണ്ടു വരുന്ന വാഹനങ്ങളിലുമായി ഒളിപ്പിച്ച് കടത്തിയാണ് ലഹരി വസ്തുക്കൾ എത്തിക്കുന്നത്.