മയക്കുമരുന്ന് കടത്ത്; സൗദിയിൽ ഈ മാസം പിടിയിലായത് 361 പേർ
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ ഒരു മാസത്തിനിടെ അറസ്റ്റിലായത് 361 പേർ. ഈ മാസം സൗദിയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞതായും സൗദി അധികൃതർ അറിയിച്ചു.
23 സൗദികളും 261 യെമനികളും 70 എത്യോപ്യക്കാരും ഏഴ് എറിത്രിയക്കാരും ഉൾപ്പെടെ 361 കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്തതായി ബോർഡർ ഗാർഡ്സ് വക്താവ് കേണൽ മിസ്ഫർ അൽ ഖുറൈനി പറഞ്ഞു. ഡിസംബർ 3 നും 24 നും ഇടയിൽ നജ്‌റാൻ, ജസാൻ, അസിർ, തബൂക്ക് എന്നിവിടങ്ങളിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ ലാൻഡ് പട്രോളിംഗ് തടഞ്ഞു.
29.2 ടൺ ഖാട്ടും 766 കിലോഗ്രാം ഹാഷിഷും ഈ കാലയളവിൽ ലാൻഡ് പട്രോളിംഗ് സംഘം പിടികൂടി. ഇവർക്കെതിരെ പ്രാരംഭ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, കള്ളക്കടത്ത് അധികാരികൾക്ക് കൈമാറിയെന്നും അൽ ഖുറൈനി കൂട്ടിച്ചേർത്തു.